യൂത്ത്‌കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസിനു മുന്നില്‍
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. ജില്ലയില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും യൂത്തുകോണ്‍ഗ്രസും പ്രതിഷേധത്തില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധിച്ചു. രാവിലെ 11നു നരേന്ദ്രമോദിയുടെ കോലത്തില്‍ കാളയുടെ ചിത്രം ചേര്‍ത്തു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണു പ്രവര്‍ത്തകര്‍ പള്ളിമുക്കിലെ ബി ജെ പി ഓഫീസിന് മുന്നിലെത്തിയത്. മോദിയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ ഓഫീസിന് സമീപത്തെ റോഡരുകില്‍ വാഴയിലയില്‍ ബീഫും പൊറോട്ടയും വിളമ്പി പ്രതിഷേധിച്ചു.
ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ബീഫ് നിരോധനമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ടിറ്റോ ആന്റണി പറഞ്ഞു. കേരളത്തില്‍ ഇരട്ടമുഖമാണ് ബി ജെ പിക്കെന്നും ജനങ്ങളെ വഞ്ചിക്കുന്ന ബി ജെ പി യെ ഒറ്റപ്പെടുത്തണമെന്നും ടിറ്റോ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടിബിന്‍ ദേവസി അധ്യക്ഷനായി. കെ എസ് യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.സേതുരാജ്, എസ്.ഭാഗ്യനാഥ് , എ.എ അജ്മല്‍, ദിലീപ് കുഞ്ഞുകുട്ടി, ഷാന്‍ പുതുപ്പറമ്പില്‍, വിവേക് ഹരിദാസ്, പി.എച്ച് അനീഷ്, ഫെന്‍സണ്‍, നീല്‍ ഹര്‍ഷന്‍, ഡിക്കൂ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മുന്നൂറോളം കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ഭക്ഷണ സ്വാതന്ത്ര്യത്തിന്‍മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം ഫാസിസമാണെന്നും വ്യക്തി സ്വാതന്ത്യ്രം ഹനിക്കുന്നതുമാണെന്നും അതിനെതിരെയാണ് പ്രതിഷേധമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളിനുമുന്നിലായിരുന്നു നഗരത്തിലെ പ്രതിഷേധം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാസെക്രട്ടറി പി. രാജീവ്, സീനുലാല്‍ എസ്.എഫ്.ഐ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."