വയനാട് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലാ പ്രഖ്യാപനം നടത്തി
വെള്ളച്ചാട്ടങ്ങള്‍ ഉപയോഗപ്പെടുത്തി
ജലവൈദ്യുതി പദ്ധതികള്‍: മന്ത്രി മണി
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളച്ചാട്ടങ്ങളും ചെറുകിട ജലസേചന പദ്ധതികളും മറ്റും ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുവാനാവുമോ എന്ന കാര്യം ആരായുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. സംസഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയനാടിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. താപ സൗരോര്‍ജവും കാറ്റാടി സാങ്കേതങ്ങളും ചെലവേറിയതാണ്.
ലാഭകരമല്ലാത്തതിനാല്‍ കായംകുളം താപനിലയത്തില്‍ ഇപ്പോള്‍ ഉല്‍പാദനം ഇല്ല. ഒരു യൂനിറ്റ് സൗരോര്‍ജമുണ്ടാക്കാന്‍ ആറര രൂപയാകും. നാല് ഏക്കര്‍ സ്ഥലമുണ്ടെങ്കിലെ കാറ്റില്‍ നിന്ന് ഒരു യൂനിറ്റ് വൈദ്യുതിയുണ്ടാക്കാനാവൂ. 500 കോടി രൂപ ചെലവിട്ട ശേഷം പ്രവര്‍ത്തനം നിര്‍ത്തിയ പള്ളിവാസല്‍ മാങ്കുളം പദ്ധതികള്‍ പുനരാരംഭിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. നിലവില്‍ നമുക്കാവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമേ ഉല്‍പാദിപ്പിക്കാനാവുന്നുള്ളൂ. വയനാട്ടിലെ വനഗ്രാമങ്ങളിലെ 244 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ വനംവകുപ്പ് സാങ്കേതിക തടസങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും തടസങ്ങള്‍ മറികടന്ന് അവര്‍ക്ക് വൈദ്യുതി എത്തിക്കുക തന്നെ ചെയ്യും.
ഇടുക്കിയിലെ ഇടമലകുടിയില്‍ അഞ്ചര കോടി ചെലവിട്ട് വനത്തിലൂടെ കേബിള്‍ വലിച്ചാണ് വൈദ്യുതി നല്‍കിയത്. ഈ സര്‍ക്കാര്‍ വന്നശേഷം 4,70,000 പേര്‍ക്ക് വൈദ്യുതി നല്‍കാനായി. ഇതില്‍ ഒന്നര ലക്ഷവും സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സന്‍ ഉമൈബ മൊയ്തീന്‍കുട്ടി, എ.ഡിഎം കെ.എം രാജു, കെ.സ്.ഇ.ബി വിതരണം-സുരക്ഷാ വിഭാഗം ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനിയര്‍ പി. കുമാരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, കെ.സ്.ഇ.ബി വയനാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സണ്ണിജോണ്‍ സംസാരിച്ചു.
ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍
ഒന്നാം സ്ഥാനത്ത് വയനാട്
കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തെ 25 ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഒന്നാം സ്ഥാനത്ത് വയനാടാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ സണ്ണി ജോണ്‍, സജി പോള്‍, അബ്ദുല്‍ ഷുക്കൂര്‍, ടി.എ. ഉഷ, എം.ജെ. ചന്ദ്രദാസ് എന്നിവര്‍ പറഞ്ഞു.
ഒരു ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ മാത്രമുള്ള വയനാട്ടിലെ മൂന്ന് മുന്‍സിപ്പാലിറ്റികളിലും 23 പഞ്ചായത്തുകളിലുമായി 15059 വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി വൈദ്യുതി എത്തിച്ചത്. പദ്ധതി നടത്തിപ്പില്‍ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനവും വയനാടിനാണ്. ലക്ഷ്യം കൈവരിക്കുന്നതിനു ജില്ലയില്‍ 7358 വീടുകളില്‍ കെ.എസ്.ഇബി നേരിട്ടാണ് വയറിങ് നടത്തിയത്. മൂന്നരക്കോടി രൂപ ഈയിനത്തില്‍ ചെലവായി. ഇതില്‍ 74 ലക്ഷം രൂപ ത്രിതല പഞ്ചായത്തുകള്‍ നല്‍കി. ബാക്കി ബോര്‍ഡിന്റെ തനതു ഫണ്ടില്‍നിന്നാണ് വിനിയോഗിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 4.2 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും 2.1 കിലോമീറ്റര്‍ എ.ബി.സി ലൈനും 5.14 കിലോമീറ്റര്‍ 11.കെ.വി ലൈനും 211.3 കിലോമീറ്റര്‍ എല്‍.ടി ലൈനുമാണ് പുതുതായി സ്ഥാപിച്ചത്. ഏഴ് ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. വൈദ്യുതീകരണ ജോലികള്‍ക്കായി 13.8 കോടി രൂപയാണ് ചെലവഴിച്ചത്. ഇതില്‍ മൂന്നു കോടി രൂപ ജില്ലയിലെ മൂന്ന് എം.എല്‍.എമാരുടെ ആസ്തി വികസന നിധിയില്‍നിന്നു ലഭിച്ചു. 3.5 കോടി രൂപ പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിക്കായി ആകെ ലഭ്യമാക്കിയത് 78.79 ലക്ഷം രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."