തെരുവ് വിടാന്‍ തയാറാകാതെ മുരളിയുടെ കുടുംബം; ചൈല്‍ഡ് പ്രവര്‍ത്തകര്‍ മടങ്ങി
തിരൂരങ്ങാടി: കോഴിച്ചെനയില്‍ തൂങ്ങിമരിച്ച മുരളിയുടെ കുടുംബത്തെ തെരുവില്‍ നിന്നും രക്ഷിക്കാനുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരുടെ ശ്രമം പരാജയപ്പെട്ടു. മുരളിയുടെ അച്ഛന്‍ മനോഹരന്‍, അമ്മ പഞ്ചവര്‍ണ, സഹോദരി ഷെല്‍വി, ഇവരുടെ ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ്, സഹോദരന്‍ കണ്ണന്‍ എന്നിവരാണ് വെന്നിയൂര്‍, പൂക്കിപ്പറമ്പ് എന്നിവിടങ്ങളിലും പരിസരങ്ങളിലുമായി തെരുവില്‍ കഴിയുന്നത്.
തെന്നല പഞ്ചായത്ത് അധികൃതരുടെ ആവശ്യപ്രകാരം ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ സ്ഥലത്തെത്തിയെങ്കിലും പോകാന്‍ തയാറായില്ല. തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീനും മറ്റു ജനപ്രതിനിധികള്‍ക്കുമൊപ്പം ജെ അതുല്യയുടെ നേതൃത്വത്തിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘമാണ് ഇന്നലെ പൂക്കിപറമ്പില്‍ എത്തിയത്. കുട്ടിയെ മലപ്പുറം ചെല്‍ഡ് ഭവനിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ മുരളിയുടെ കുടുംബവുമായി ഏറെനേരം സംസാരിച്ചെങ്കിലും ഇവര്‍ വിസമ്മതിച്ചതോടെ കുഞ്ഞിന്റെ കാര്യം അങ്കനവാടി ടീച്ചറെ ഏല്‍പ്പിച്ച് സംഘം വെറുംകയ്യോടെ മടങ്ങുകയായിരുന്നു.
കേരള സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11നാണ് മുരളി കണ്ടന്‍ചിറ മൈതാനിയിലെ മരത്തില്‍ തൂങ്ങി മരിച്ചത്.
ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി എത്തിയ തങ്കമ്മ എന്ന കുപ്പമ്മയിലൂടെയാണ് ഈ കുടുംബത്തിന്റെ തെരുവുജീവിതം ആരംഭിക്കുന്നത്. തെരുവില്‍ പാട്ടപെറുക്കിയാണ് ഈ കുടുംബത്തിന്റെ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."