ചരിത്രാധ്യാപകനെ തേടി വിദ്യാര്‍ഥികള്‍ വീട്ടിലെത്തി
പെരിന്തല്‍മണ്ണ: സ്വന്തം വീട് തന്നെ ചരിത്ര മ്യൂസിയമാക്കിയ അധ്യാപകനെ തേടി എരവിമംഗലം യു.പി സ്കൂള്‍ വിദ്യാര്‍ഥികളെത്തി. തങ്ങളുടെ ചരിത്ര പാഠപുസ്തകത്തിലെ കാര്യങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനാണ് തൃപ്പനച്ചി സ്കൂളിലെ ചരിത്രാധ്യാപകന്‍ അബ്ദുല്‍ അലി മാസ്റ്ററെ തേടി വിദ്യാര്‍ഥികള്‍ വീട്ടിലെത്തിയത്.
തന്റെ അമൂല്യങ്ങളായ ശേഖരണങ്ങളില്‍ ഓരോന്നിനെയും സംബന്ധിച്ച വിവരങ്ങള്‍ വീട്ടിലെത്തിയ കുരുന്നുകള്‍ക്ക് അദ്ദേഹം വിശദമായി പറഞ്ഞുകൊടുത്തു. ഗാന്ധിജി, നെഹ്റു തുടങ്ങിയവരുടെ പ്രസംഗത്തിന്റെ സി.ഡികള്‍ ഉള്‍പ്പടെ മാഷിന്റെ ശേഖരത്തിലുണ്ടായിരുന്നു. കുട്ടികളില്‍ ശേഖരണ മനോഭാവം വളര്‍ത്താന്‍ പങ്കെടുത്ത എല്ലാവര്ക്കും ഒരു രൂപയുടെ പുതിയ കറന്‍സി നോട്ടും അദ്ദേഹം വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും ചെറിയ ലോകകപ്പ് സ്വര്‍ണക്കപ്പ് മാതൃക നിര്‍മിച്ചതിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന് അലിമാസ്റ്റര്‍ അര്‍ഹനായിട്ടുണ്ട്. മാഷിനെ പൊന്നാട അണിയിച്ച് കുട്ടികളും ആദരിച്ചു.
തുടര്‍ന്ന് മലബാര്‍ ലഹളനടന്ന പൂക്കോട്ടൂര്‍, കോട്ടക്കുന്ന് എന്നിവിടങ്ങളിലും കുട്ടികള്‍ സന്ദര്‍ശനം നടത്തി. റിട്ട. എന്‍ജിനിയര്‍ മായേന്‍ കുട്ടി അന്നത്തെ സംഭവങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ വിവരങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ഹെഡ്മിസ്ട്രസ് പി. ശ്രീനാഥ്, ഇ.പി അബ്ദുല്ല, ഷെന്‍സി അഗസ്റ്റിന്, അരുണാചിത്രന്, രേഖാ വാര്യര്‍, ഇ.കെ സഫിയ, കെ. സെറീന നേതൃത്വം നല്കി. 40കുട്ടികള്‍ ഏകദിന ചരിത്ര പഠനയാത്രയില് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."