'ന്യൂജെന്‍' കൊറോണയെ കരുതിയിരിക്കണം
ഒരു വര്‍ഷം കഴിഞ്ഞിട്ടും കീഴടങ്ങാത്ത കൊറോണ വൈറസിന്റെ ജനിതക ഘടനയിലെ മാറ്റം ലോകരാജ്യങ്ങളില്‍ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. 2020 ന്റെ പുലരിയില്‍ കൊവിഡ് ഭീതിയില്‍ നിന്ന് ആശ്വാസം പ്രതീക്ഷിച്ചിരുന്നെങ്കിലും വൈറസിന്റെ ജനിതക മാറ്റം പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് ഘടന മറ്റു രാജ്യങ്ങളിലും കണ്ടെത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച് മുന്‍കരുതലുകളെടുക്കുന്നത് ആശാവഹമാണ്. കൊവിഡ്-19 ന്റെ വാക്‌സിനേഷന്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയുള്ള പുതിയ വെല്ലുവിളിയുടെ ആഴം എത്രത്തോളമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ലഭ്യമായ വിവരങ്ങളും പഠനങ്ങളും വിലയിരുത്തുമ്പോള്‍ കൊവിഡ്-19 നേക്കാള്‍ ജാഗ്രതയും കരുതലും ഘടനാമാറ്റം സംഭവിച്ച വൈറസിന്റെ കാര്യത്തില്‍ നാം സ്വീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്.
കരുത്താര്‍ജിച്ച് വൈറസ്
പകര്‍ച്ചവ്യാധികളായ വൈറസുകളിലെ ജനിതകമാറ്റം അഥവാ മ്യൂട്ടേഷന്‍ പുതിയ സംഭവമല്ല. പ്രത്യേകിച്ച് ഫ്‌ളൂ വൈറസുകള്‍ക്ക്. വിവിധ കാലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഇത്തരം വൈറസുകള്‍ ജനിതകമാറ്റം സംഭവിച്ച് കൂടുതല്‍ കരുത്തരായിട്ടുണ്ട്. നിരന്തരം പഠനത്തിന് വിധേയമാക്കുമ്പോഴേ വൈറസിന്റെ ജനിതഘടനയിലെ മാറ്റം കണ്ടെത്താനാകൂ. ബ്രിട്ടനില്‍ ഇത്തരത്തില്‍ നടന്ന പഠനത്തിലാണ് കൊറോണ വൈറസിന്റെ രൂപഘടനയിലെ മാറ്റം കണ്ടെത്തിയത്. നേരത്തെ നിപാ വൈറസിനും ഇത്തരത്തില്‍ മാറ്റം കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ കൊറോണ വൈറസിനെ പൂര്‍ണമായി ശാസ്ത്രലോകത്തിന് മനസിലാക്കാന്‍ കഴിയുന്നതുവരെ ജാഗ്രത അനിവാര്യമാണ്.
കൊറോണ വൈറസും മ്യൂട്ടേഷനും
മറ്റ് വൈറസുകളെ അപേക്ഷിച്ച് കൊറോണ വൈറസിന് മ്യൂട്ടേഷന്‍ കൂടുതലായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജനിതക ഘടനയില്‍ പലതവണ മാറ്റങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ബ്രിട്ടനിലാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങളും നടന്നത്. ഏകദേശം 4000 ത്തോളം ജനിതക വ്യതിയാനങ്ങള്‍ ഇതുവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതൊന്നും വൈറസിന്റെ സ്വഭാവത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ വാര്‍ത്തയായില്ലെന്ന് മാത്രം.
ജനിതകമാറ്റം വന്ന
സ്‌ട്രെയിന്‍ ആ.1.1.7
ബ്രിട്ടനിലെ കെന്റില്‍ സെപ്റ്റംബര്‍ 20 നാണ് ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയത്. ആ.1.1.7 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടിഷ് ഹെല്‍ത്ത് സെക്രട്ടറി ഡിസംബര്‍ 14നാണ് ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയ കാര്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. ഇംഗ്ലണ്ടിന് തെക്കുകിഴക്കായി ഈ വൈറസ് ബാധ കൂടുതലായി കണ്ടെത്തിയതോടെയാണ് പ്രസരണ തോത് കൂടുതലാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ബ്രിട്ടനില്‍ പ്രാദേശിക ലോക്ക്ഡൗണുകളും മറ്റും ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണാതീതമായി. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളെല്ലാം ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയതാണ് ഭീതി പരത്തുന്നത്.
എന്താണ് ഇപ്പോഴത്തെ
ജനിതക മാറ്റം?
പതിനാലിലധികം ജനിതക വ്യതിയാനങ്ങളാണ് ഇപ്പോഴത്തെ കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ കണ്ടെത്തിയത്. ഇതില്‍ ഏഴു സ്‌പൈക് പ്രോട്ടീനുകളിലും വ്യതിയാനം കണ്ടെത്തി എന്നതാണ് പ്രധാനം. മനുഷ്യരിലും മറ്റും പ്രവേശിക്കാന്‍ വൈറസുകളെ സഹായിക്കുന്ന ഘടകമാണ് സ്‌പൈക് പ്രോട്ടീനുകള്‍. 1,160 മുതല്‍ 1,400 വരെ അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് സ്‌പൈക് പ്രോട്ടീനുകള്‍ രൂപപ്പെടുന്നത്. മനുഷ്യരുടെ കോശങ്ങളിലേക്ക് കൊറോണ വൈറസിന് പ്രവേശിക്കാനുള്ള താക്കോലായി ഇവ പ്രവര്‍ത്തിക്കുന്നു എന്നു പറയാം. വൈറസിന്റെ പുറംഭാഗത്ത് കുന്തംപോലെ കാണപ്പെടുന്ന ഇവയില്‍ വന്ന വ്യതിയാനം വൈറസ് ഇപ്പോഴത്തെ കൊവിഡ്-19 നേക്കാള്‍ എളുപ്പത്തില്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുമെന്നാണ് സംശയിക്കുന്നത്.
തീവ്രതയില്‍ വ്യക്തതയില്ല
സ്‌പൈക് പ്രോട്ടീനുകളിലെ വ്യതിയാനം പ്രാഥമിക പഠനങ്ങള്‍ പ്രകാരം ഭീതിജനകമാണെങ്കിലും ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനായിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊറോണ വൈറസ് എളുപ്പത്തില്‍ പകരുമെങ്കിലും മരണനിരക്ക് ഇതുവരെ കുറവായിരുന്നു. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് മരണനിരക്ക് കൂട്ടുമെന്നകാര്യത്തില്‍ ഇപ്പോഴും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് യു.കെയില്‍ ഗവേഷണം നടത്തുന്ന ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി പറയുന്നത്. രോഗികളുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമാകുന്നുണ്ടോ മരണനിരക്ക് കൂടുതലാണോ എന്നൊക്കെ പഠനം നടക്കുന്നതേയുള്ളൂ.
പകര്‍ച്ചാതോത് കൂടിയേക്കും
ഇതുവരെയുള്ള പഠനങ്ങളും രോഗപ്പകര്‍ച്ചാ തോതും നോക്കുമ്പോള്‍ പുതിയ വൈറസ് എത്രയും വേഗം കൂടുതല്‍ പേരിലേക്ക് പകരും എന്നുതന്നെയാണ് മനസിലാക്കേണ്ടത്. 70 ശതമാനം വരെ വേഗത്തില്‍ പകരും എന്ന കണ്ടെത്തലിനെ സാധൂകരിക്കാനാകും വിധമുള്ള റിപ്പോര്‍ട്ടുകളാണ് ബ്രിട്ടനില്‍ നിന്ന് വരുന്നത്. സ്‌പൈക് പ്രോട്ടീനിലെ ച501ഥ എന്ന മ്യൂട്ടേഷനാണ് ഇതിനു കാരണമെന്നുമാണ് ഇതുവരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഗവേഷകരെത്തുന്ന നിരീക്ഷണം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബ്രസീലില്‍ ഒരു രോഗിയില്‍ നിന്ന് കണ്ടെത്തിയ വൈറസിലും ഈ മ്യൂട്ടേഷന്‍ നടന്നതായി കണ്ടെത്തിയിരുന്നു. മനുഷ്യ കോശങ്ങളിലേക്ക് അനായാസം കടന്നുകയറാന്‍ കൊറോണ വൈറസിന് സഹായകമാകുന്നതാണ് ഈ മ്യൂട്ടേഷന്‍ എന്നതാണ് ലോകരാജ്യങ്ങളെ ഭീതിയിലാക്കുന്നത്. ഇപ്പോഴുള്ള കൊവിഡ് ബാധ പോലും നിയന്ത്രണത്തിലാക്കാന്‍ ലോകരാജ്യങ്ങള്‍ പാടുപെടുകയും പലരും പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്രയും മാരക പ്രഹരശേഷിയുള്ള ജനികത വ്യതിയാനം വൈറസില്‍ കണ്ടെത്തിയത്.
ഗുരുതര സാഹചര്യമുണ്ടോ?
രോഗവ്യാപനം കുതിച്ചുയരാമെങ്കിലും മരണനിരക്കും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കാന്‍ മാത്രം ഈ പുതിയ വൈറസ് ഘടനക്ക് കഴിയുമോയെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ട പഠന റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കൊവിഡ് ഗുരുതരാവസ്ഥയില്‍ എത്തുന്ന ആരോഗ്യ കാരണങ്ങളും പ്രായവും എല്ലാം പുതിയ സ്‌ട്രെയിനുള്ള വൈറസിനും ബാധകമാണ്. ഇപ്പോഴത്തെ സ്ഥിതിയേക്കാള്‍ കൂടുതല്‍ മാരകമാണോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം നിലനില്‍ക്കുന്നത്. അതേസമയം, കൂടുതല്‍ പേരിലേക്ക് രോഗം എത്തുന്ന സാഹചര്യം ഗുരുതരമായ അവസ്ഥയുണ്ടാക്കുമെന്നാണ് മിക്ക രാജ്യങ്ങളിലെ വിദഗ്ധരും പറയുന്നത്. കാരണം, നിലവില്‍ എന്തെങ്കിലും രോഗങ്ങളോ ആന്തരാകാവയങ്ങള്‍ക്ക് അസുഖമുള്ളവരോ വൈറസ് ബാധക്കിരയായാല്‍ അപകടാവസ്ഥയിലെത്താമെന്ന ഭീഷണിയാണ് ഇതിനു പിന്നില്‍. ഇത്തരത്തില്‍ വിലയിരുത്തിയാല്‍ രോഗം അതിവേഗം വ്യാപിച്ചാല്‍ താരതമ്യേന മരണനിരക്കിലും ഉയര്‍ച്ചയുണ്ടാകാം.
വാക്‌സിനുകളെ എങ്ങനെ
ബാധിക്കും?
കൊവിഡ്-19 ന്റെ വാക്‌സിന്‍ ഗവേഷണങ്ങളും ക്ലിനിക്കല്‍ ട്രയലുകളും അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിലെ വൈറസിനുണ്ടായ ജനിതക മാറ്റം വാക്‌സിന്‍ ഗവേഷണങ്ങളെ പിന്നോട്ടടിക്കുമോയെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്. സാനിറ്റൈസറും സോപ്പും വാക്‌സിന്റെ പുറംതോടായ പ്രോട്ടീന്‍ ആവരണത്തെ നശിപ്പിച്ച് ഇല്ലാതാക്കുന്നതുപോലെ ആന്തരികമായി വൈറസിനെ നേരിടാനുള്ള കവചമൊരുക്കുയാണ് വാക്‌സിനുകള്‍ ചെയ്യുന്നത്. ഒരു വൈറസിന്റെ പ്രോട്ടീന്‍ഘടന മനസിലാക്കിയാണ് അതിനെ ചെറുക്കാനുള്ള വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. വൈറസിലുള്ള പ്രോട്ടീനുകള്‍ക്കെതിരേ ആന്റിബോഡികളെ നിര്‍മിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുകയാണ് വാക്‌സിനുകള്‍ ചെയ്യുന്നത്. അതിനാല്‍ പ്രോട്ടീന്‍ഘടനയില്‍ മാറ്റംവന്നാല്‍ വാക്‌സിനുകള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരാം. ചില വൈറസുകളുടെ ഘടന മാറുന്നതിന് അനുസരിച്ച് വാക്‌സിനും മാറ്റാറുണ്ട്. ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ഇതിനുദാഹരണമാണ്. കൊവിഡ് വാക്‌സിന് ഇത്തരം വെല്ലുവിളി നേരിടേണ്ടിവരുമോയെന്ന കാര്യത്തിലും പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇപ്പോഴത്തെ മ്യൂട്ടേഷനുകള്‍ വാക്‌സിനെ നിര്‍വീര്യമാക്കാന്‍ മാത്രം ശേഷിയുള്ളവയല്ലെന്നാണ് ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഭാവിയില്‍ വാക്‌സിനെതിരേ വൈറസ് പ്രതിരോധം നേടുമോയെന്ന കാര്യവും വ്യക്തമല്ല. ഇതെല്ലാം കൂടുതല്‍ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെടേണ്ട കാര്യമാണ്.
മുന്‍കരുതലുകള്‍ എന്തെല്ലാം?
പുതിയ വൈറസ് ഘടന മൂലമുള്ള രോഗവ്യാപനം തടയാന്‍ നിലവിലുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കുകയാണ് വേണ്ടത്. രോഗവ്യാപനം കൂടുമെന്നതിനാല്‍ ജാഗ്രതയും കടുപ്പിക്കണം. മാസ്‌ക് വയ്ക്കാതെയോ കൈകള്‍ അണുവിമുക്തമാക്കാതെയോ നടന്നാല്‍ രോഗം വരുമോയെന്ന കാര്യത്തില്‍ സംശയിക്കേണ്ടി വരില്ല. അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനുമാകില്ല. അതിനാല്‍ സ്വയംസുരക്ഷ തന്നെയാണ് മുഖ്യം. വൈറസിന്റെ പുതിയ പതിപ്പ് ഇന്ത്യയിലോ കേരളത്തിലോ എത്തിയെന്ന് റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ നമുക്കിടയില്‍ ഇതില്ലെന്ന് ഉറപ്പു പറയാനും കഴിയില്ല. കാരണം എല്ലാവരില്‍ നിന്നും വൈറസിനെ ശേഖരിച്ച് ജനിതകമാറ്റ പഠനം ഇവിടെ നടത്താറില്ലല്ലോ എന്നതു തന്നെ. അതിനാല്‍ ജാഗ്രത പലമടങ്ങ് വര്‍ധിപ്പിക്കുക. വൈറസിന്റെ ജനിതക വ്യതിയാനം ഉണ്ടെങ്കിലും രോഗബാധ കണ്ടെത്താന്‍ നിലവിലുള്ള സംവിധാനം തന്നെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ആ കാര്യത്തില്‍ ആശങ്കയ്ക്ക് വകയില്ല. പക്ഷേ, കേരളംപോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയില്‍ ഓരോ വ്യക്തിയും പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ എല്ലാവരിലും കൊവിഡ് എത്താന്‍ കാലതാമസമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."