മതേതരത്വം തിരിച്ചുപിടിക്കേണ്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍
ജനാധിപത്യത്തിന്റെ ആദ്യാക്ഷരംപോലും വശമില്ലാതിരുന്ന മധ്യകാല യുഗത്തിനുശേഷം ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തി ഐക്യഭാരതവും സവര്‍ണ, അവര്‍ണ, മത അതിരുകള്‍ക്കതീതമായി രാഷ്ട്രീയക്കൂട്ടായ്മ വികസിപ്പിച്ചു വളര്‍ത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യയുടെ വൈരുദ്ധ്യങ്ങളുടെ പരിച്ഛേദവും കൂടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഗാന്ധിജിയും നെഹ്‌റുവും അബുല്‍ കലാം ആസാദും ഏതു കോണിലൂടെ വായിച്ചാലും മാനവികതയുടെ നൈതികത മാനിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ വിജയിച്ചവരാണ്. നിയമനിര്‍മാണ സഭകളില്‍ സവര്‍ണരുടെ ആധിക്യം തടയാന്‍ ജനസംഖ്യാനുപാതിക വ്യവസ്ഥകളുണ്ടാവണമെന്ന് വാദിച്ചത് ഡോക്ടര്‍ ബി.ആര്‍ അംബേദ്കറായിരുന്നുവല്ലോ. എന്നാല്‍ പ്രകടമായ ശൂന്യതകള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി ബ്രാഹ്മണിക്കല്‍ അധിനിവേശം രാഷ്ട്രീയ, ഭരണ രംഗത്ത് പരിധി ലംഘിച്ച് മുന്നേറിയിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ദേശീയ മുഖ്യധാരാ മുഖം തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു അധികാരവും ധനവും അന്വേഷിച്ചു വര്‍ഗീയ സംഘടനയെ അന്വേഷിച്ചുള്ള ഒഴുക്ക് പുതിയ സംഭവമല്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തര അകത്തളങ്ങളില്‍ ഹിന്ദുത്വ വികാര വിഷവിത്ത് മുളപ്പിച്ചത് സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്ന ഒരു വായന നിലവിലുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയം പിടികൊടുക്കാതെ പ്രഹേളിക പോലെ ചാഞ്ചാട്ടം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയും തീവ്ര ആര്‍.എസ്.എസ് സഹയാത്രികനും നിരവധി കുറ്റകൃത്യങ്ങളുടെ സൂത്രധാരനും ന്യൂനപക്ഷ ഉന്മൂലന പ്രവാചകനുമായ അമിത് ഷാ ബംഗാളില്‍ പോയി സി.പി.എമ്മില്‍നിന്നും മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും പാര്‍ലമെന്റ്, നിയമസഭാ സാമാജികരെ അടര്‍ത്തിയെടുത്ത്, പൊതുയോഗത്തില്‍ ബി.ജെ.പി അംഗത്വം നല്‍കിയത് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന മൂല്യരാഹിത്യവും കച്ചവട മുഖവും പ്രകടമാക്കി. എഴുപതുകളില്‍ തൊഴിലും പണവും നേടി ഗള്‍ഫിലേക്ക് പോയതുപോലെ തൊണ്ണൂറുകള്‍ക്കുശേഷം പണവും അധികാരവും തേടി അടിക്കടി നിറം മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം കൂടിവരികയാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതം നന്ദികെട്ട മുദ്രാവാക്യമാണ്. മറ്റൊരു ബദല്‍ നിര്‍ദേശിക്കാനില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍മിക്കപ്പെടുകയും പില്‍ക്കാലത്ത് ഫാസിസ്റ്റ് ചേരിയില്‍ എത്തുകയുമാണവര്‍. തെലുങ്കുദേശം പാര്‍ട്ടി, യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, വിവിധ ജനതാദള്‍ പാര്‍ട്ടികള്‍, അണ്ണാ ഡി.എം.കെ തുടങ്ങിയവ മതേതര സ്ഥായീഭാവം പ്രകടിപ്പിച്ചു വന്നിട്ടില്ല. അസം ഗണ പരിഷത്ത്, അകാലിദള്‍ തുടങ്ങിയ പല പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളും ഫലത്തില്‍ ബി.ജെ.പി സഹായികളായി പരിവര്‍ത്തിക്കുകയാണുണ്ടായത്. എല്ലാ പ്രതികൂല, പ്രതിസന്ധിഘട്ടങ്ങളിലും ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം, കേരളത്തില്‍ വര്‍ഗീയ വാതില്‍ തുറന്നുകൊടുക്കുകയെന്ന അവസരവാദ നയത്തിന് കാര്‍മ്മികരാവുന്നത് വൈരുദ്ധ്യം മാത്രമല്ല, സങ്കടകരമാണ്.
അധികാരവും പണവും എറിഞ്ഞു രാഷ്ട്രീയ വേട്ടക്ക് ഇറങ്ങിയ ഇന്ത്യയുടെ ഫാസിസ്റ്റ് ഭരണകൂടങ്ങളില്‍നിന്നു ജനാധിപത്യത്തിന് കാവലിരിക്കാന്‍ കടപ്പെട്ട ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കടമ നിര്‍വഹിക്കുന്നതില്‍ അടിക്കടി വീഴ്ചകള്‍ വരുത്തുന്നു. കേരളത്തില്‍ സി.പി.എമ്മില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ചെറുതല്ലാത്ത അടിയൊഴുക്ക് ബി.ജെ.പിയിലേക്കുണ്ടായി എന്ന് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ഥിക്കും ബോധ്യമാവും. പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമെന്ന് മതേതര വിശ്വാസികള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ സ്വാധീനിച്ചിരുന്ന, ഇടതുപക്ഷ വോട്ട് ബാങ്കുകളാണെന്ന് കരുതിയിരുന്ന ഈഴവ സമൂഹത്തിന്റെ ഒരു വിഹിതം വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും താമരക്ക് സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. ഇന്ത്യയുടെ മതേതര ദേശീയ സങ്കല്‍പത്തിന് കാവലിരുന്ന മത ന്യൂനപക്ഷങ്ങളില്‍ സവര്‍ണ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിട്ടുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും ശക്തിപകരാന്‍ നിലകൊള്ളുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ ആനന്ദം കൊള്ളുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ തരണം ചെയ്തു മതേതര, ജനാധിപത്യ സര്‍ക്കാര്‍ പുനഃസ്ഥാപിക്കാന്‍ മുസ്‌ലിംകളും ദലിതരും അനുഷ്ഠിച്ച ത്യാഗം അവിസ്മരണീയമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ അധികാരം പിടിക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയ്, ലാല്‍ കൃഷ്ണ അദ്വാനി, വി.പി സിങ് എന്നിവര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നത് ഇ.എം.എസ് എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.
നിലവിലെ കേരള സര്‍ക്കാര്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് വെച്ചുനീട്ടിയ സാമ്പത്തിക സംവരണ വാഗ്ദാനം സവര്‍ണ ജാതികളുടെ വോട്ട് ലക്ഷ്യമാക്കിയായിരുന്നു എന്ന രാഷ്ട്രീയ നിരീക്ഷണം തള്ളിക്കളയാനാവില്ല. ഇത്തരം താല്‍ക്കാലിക രാഷ്ട്രീയ നീക്കുപോക്കുകളും ഇന്ത്യന്‍ രാഷ്ട്രീയം പ്രകടമായി അനുഭവിക്കുന്ന ബ്രാഹ്മണിക്കല്‍ മേധാവിത്വ സാഹചര്യങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗപ്പെടുത്തിയത് ശരിയായില്ല. അടിസ്ഥാന വര്‍ഗത്തിന് മുഖ്യധാരയില്‍ സുപ്രധാന ഇടം ഒരുക്കാന്‍ ജീവദാനം ചെയ്ത ഒരു പ്രസ്ഥാനം സവര്‍ണരുടെ ചിറകു തേടി അവര്‍ണരെ തൊഴിച്ചു മാറ്റിയത് മാപ്പര്‍ഹിക്കാത്ത രാഷ്ട്രീയ അപരാധം തന്നെയായിരുന്നു.
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ച മാനവിക ധര്‍മങ്ങള്‍ നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ജന്മിത്തം തീര്‍ത്ത അധമ സാമൂഹിക പരിസരങ്ങളില്‍ നിന്നും മനുഷ്യ സമൂഹത്തെ മോചിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രക്തവും ജീവനും നല്‍കി ഐതിഹാസിക സമരമുഖങ്ങള്‍ തീര്‍ത്തിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ശക്തിപ്രാപിച്ച ഇടതുപക്ഷ ചിന്താധാര വേരറ്റുപോയിട്ടില്ല. പശ്ചിമ ബംഗാളും കേരളവും മാത്രമല്ല കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പോലും ഇടതുപക്ഷ സാന്നിധ്യം രാഷ്ട്രീയഭാരതം പ്രതീക്ഷയോടെയാണ് കണ്ടത്. പ്രകൃതിയുമായി മല്ലടിക്കുന്ന ഈശ്വര നിഷേധം എന്ന യുക്തിഭദ്രമല്ലാത്തതും വിശ്വാസികള്‍ക്ക് അസ്വീകാര്യവുമായ മാര്‍ക്‌സിയന്‍ തിയറി ആധുനിക സമൂഹത്തിനും പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തിനും സ്വീകാര്യമാകുന്ന വിധം പരിവര്‍ത്തിപ്പിച്ചാല്‍ ഇടതുപക്ഷ സാധ്യതകള്‍ വര്‍ധിക്കുകയേയുള്ളൂ. ഈശ്വര നിഷേധം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ചുവരുന്നത് മാപ്പര്‍ഹിക്കാത്ത പ്രകൃതി വിരുദ്ധതയാണ്. ഭാരതീയരുടെ പൈതൃകവും സംസ്‌കാരവും ജീവിത ശീലങ്ങളും നിരാകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ നവോത്ഥാനവും സാധ്യമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധ, മതരഹിത നിലപാടുകള്‍ അടിസ്ഥാനപരമായി മറ്റൊരു വര്‍ഗീയത തന്നെയാണ്. രാഷ്ട്രീയ ധര്‍മ്മ മാര്‍ഗത്തില്‍നിന്നു ബുദ്ധിപരമായ ഒളിച്ചോട്ടമാണ് അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ലോക കമ്മ്യൂണിസം സ്വീകരിച്ചു കാണുന്നത്.
ജനാധിപത്യത്തിന്റെ വിജയമാണ് അഭിപ്രായങ്ങള്‍. എന്നാല്‍ അത് ശിഥിലീകരണത്തിന് വഴി തുറക്കരുത്. കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ ഇരു മുന്നണികളിലുമുണ്ട്. വേറിട്ട് തെരഞ്ഞെടുപ്പ് നേരിട്ടവരുമുണ്ട്. സൂക്ഷ്മ വിശകലനത്തില്‍ പരസ്പര മത്സരം ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നില മെച്ചപ്പെടുത്തുകയും ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു. മതേതര രാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍ മാന്യവും സ്വീകാര്യവുമായ അടിത്തറയും ഇടവും മുസ്‌ലിം ലീഗിന് ഇതിനകം നേടാനും സാധ്യമായിട്ടുണ്ട്. വിട്ടുവീഴ്ചയും പരസ്പരധാരണയും വഴി ഐക്യബോധമണ്ഡലം വികസിപ്പിക്കാന്‍ ന്യൂനപക്ഷ രാഷ്ട്രീയ വേദികള്‍ ശ്രമിക്കണം. തീവ്രഹിന്ദുത്വ ഏകീകരണം യാഥാര്‍ഥ്യമാണ്. വസ്തുനിഷ്ഠ വിശകലനവും സമീപനവുമാണ് കാലം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."