കുട്ടി ഡ്രൈവര്‍മാര്‍ ജാഗ്രതൈ..
മഞ്ചേരി: അനധികൃതമായി വാഹനം ഓടിക്കുന്ന കുട്ടി ഡ്രൈവര്‍മാര്‍ ജാഗ്രതൈ. മഞ്ചേരിയില്‍ ലൈസന്‍സില്ലാതെ പാഞ്ഞ 159 കുട്ടിബൈക്ക് യാത്രികരെയാണ് ഏഴ് ദിവസത്തിനിടെ പൊലീസ് പിടികൂടിയത്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഞ്ചേരി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കൗമാരക്ക് തുടക്കം കുറിച്ചത്.
രാവിലെയും വൈകുന്നേരവും വിദ്യാലയങ്ങളുടെ പടിക്കലും ഉച്ച സമയങ്ങളില്‍ അങ്ങാടികള്‍ കേന്ദ്രീകരിച്ചുമാണ് ഓപ്പറേഷന്‍ കൗമാരയുടെ പ്രവര്‍ത്തനം. മഞ്ചേരി കോപ്പറേറ്റീവ് കോളജ്, മഞ്ചേരി ബോയ്‌സ് സ്‌കൂള്‍, അത്താണിക്കല്‍ എം.ഐ.സി, മഞ്ചേരി ട്രീനിറ്റി കോളജ്, കരുവമ്പ്രം ജെ.ടി.എസ്, പൂക്കൊളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ഏഴ് ദിവസം പരിശോധന നടത്തിയത്. രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ മഫ്ത്തിയില്‍ സ്‌കൂള്‍ പരിസരം നിരീക്ഷിച്ച ശേഷമാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. വിദ്യാര്‍ഥികളെ റോഡ് അപകടങ്ങളില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മഫ്തി വേഷത്തില്‍ സ്‌കൂളിലെത്തുന്ന പൊലീസിന് അധ്യാപകരും രക്ഷിതാക്കളും വലിയ പിന്തുണയാണ് നല്‍കുന്നത്. പിന്തുടര്‍ന്ന് പിടിച്ചാലും റോഡ് അരികില്‍ പരിശോധനക്ക് കാത്തുനിന്നാലും വിദ്യാര്‍ഥികള്‍ വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുമെന്നത് ഒഴിവാക്കാനാണ് പൊലിസ് മഫ്ത്തിയിലെത്തി നിയമം നടപ്പാക്കുന്നത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. സ്‌കൂള്‍ പരിസരത്തുള്ള വീടുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് വിദ്യാര്‍ഥികള്‍ വാഹനം നിര്‍ത്തിയിടുന്നത്. ഇന്റര്‍ബെല്‍ സമയത്തും ഉച്ചഭക്ഷണ സമയങ്ങളിലും വിദ്യാര്‍ഥികള്‍ ബൈക്കുമായി കറങ്ങുന്നതായി പരാതി വ്യാപകമായിരുന്നു. പിടിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ അധികവും ലൈസന്‍സ് ഇല്ലാത്തവരാണെന്ന് പൊലിസ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ നിന്ന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ രക്ഷിതാക്കള്‍ സ്റ്റേഷനിലെത്തണം. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, കണ്ണാടിയില്ലാത്ത വാഹനങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് ചുരുങ്ങിയത് 1500 രൂപയെങ്കിലും പിഴ അടച്ചാല്‍ മാത്രമെ കസ്റ്റഡിയിലെടുത്ത വാഹനം തിരികെ ലഭിക്കൂ. പിഴയിനത്തില്‍ 1.29 ലക്ഷം രൂപയാണ് തിങ്കളാഴ്ച വരെ ലഭിച്ചത്. പിഴ അടച്ചതിന് പുറമെ പൊലിസിന്റെ നല്ല ഉപദേശങ്ങളും ശ്രദ്ധാപൂര്‍വ്വം കേട്ട് കഴിഞ്ഞിട്ട് വേണം തിരികെ പോവാന്‍. സി.ഐ.എന്‍.ബി.ഷൈജു, എസ്.ഐ.ജലീല്‍, മുഹമ്മദ്, പൗലോസ്, ലിജിന്‍, സുബിന്‍, രാജേഷ്, സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ കൗമാരയുടെ പ്രവര്‍ത്തനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."