കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത: പകുതി ചെലവ് സംസ്ഥാനം വഹിക്കും
രാജപുരം: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ 50ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗം ഇതിന് അംഗീകാരം നല്‍കി. റെയില്‍വേ ബോര്‍ഡിന്റെ അനുമതി കൂടി ലഭിച്ചാല്‍ കേരള-കര്‍ണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാത യാഥാര്‍ഥ്യമാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് റെയില്‍വേ മുഴുവന്‍ ചെലവും വഹിക്കണമെന്ന നിര്‍ദേശം ധനവകുപ്പ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് പാതയ്ക്കുള്ള തടസം നീക്കുകയായിരുന്നു.
പി കരുണാകരന്‍ എം.പിയുടെയും മന്ത്രി ഇ. ചന്ദ്രശേഖരന്റെയും ശ്രമകരമായ പ്രവര്‍ത്തനമാണ് ഈ പാതയുടെ സര്‍വേ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.
കാഞ്ഞങ്ങാട് മുതല്‍ കാണിയൂര്‍ വരെയുള്ള 91കിലോമീറ്റര്‍ പാതയ്ക്ക് 1458 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവിന്റെ 50ശതമാനം റെയില്‍വേയും ബാക്കിവരുന്ന തുക പാത കടന്നുപോകുന്ന സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശം.
ഇത് കേരളം അംഗീകരിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാരും പാതയ്ക്ക് തത്വത്തില്‍ അംഗീകരം നല്‍കിയിട്ടുണ്ട്. കാണിയൂര്‍ പാത ആക്ഷന്‍ കമ്മിറ്റിക്ക് കര്‍ണാടക സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയിരുന്നു. കര്‍ണാടക മന്ത്രിസഭയും പകുതി ചെലവ് വഹിക്കാന്‍ തീരുമാനിച്ചാല്‍ റെയില്‍വേ ബോര്‍ഡ് പാതയ്ക്ക് പച്ചക്കൊടി കാട്ടും. മന്ത്രിസഭാ തീരുമാനത്തിന്റെ കോപ്പി റെയില്‍വേ ബോര്‍ഡിനും കര്‍ണാടക സര്‍ക്കാരിനും സമര്‍പ്പിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
പാതയുടെ 40 കിലോമീറ്ററാണ് കേരളത്തില്‍ വരുന്നത്. ഇത്രയും ദൂരത്തിലുള്ള പാത നിര്‍മിക്കുന്നതിനുള്ള പകുതി തുകയാണ് കേരളം ചെലവഴിക്കുക. പാത കടന്നുപോകുന്ന പ്രദേശത്തെ സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയാണ് ചെലവായി കണക്കാക്കുക. കേരളത്തിന്റെ ഭാഗത്ത് വനമില്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രശ്‌നമാവില്ല. കര്‍ണാടകയില്‍ വളരെ കുറഞ്ഞ പ്രദേശത്ത് മാത്രമാണ് വനമുള്ളത്. ഇത് ഒഴിവാക്കി സ്ഥലമെടുക്കാനാണ് കര്‍ണാടകത്തിന്റെ തീരുമാനം.
കേരളത്തില്‍ സര്‍വേ നടത്തിയ പാതകളില്‍ റെയില്‍വേയ്ക്ക് ഏറ്റവും സ്വീകാര്യമായതും ലാഭകരവുമാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാത. 26നു തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ ഈ പാത റെയില്‍വേയുടെ സജീവ പരിഗണയിലാണെന്ന് ആക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. സര്‍വേ നടപടി പൂര്‍ത്തിയായി വര്‍ഷങ്ങളായെങ്കിലും തുടര്‍ നടപടി ഇല്ലാതെ കടലാസില്‍ ഒതുങ്ങിയ റെയില്‍പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചതോടെയാണ് ജീവന്‍വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."