അഭയയ്ക്ക് നീതി
സ്വന്തം ലേഖകന്‍
കോട്ടയം: ഏക മകള്‍ കൊലചെയ്യപ്പെടുകയാണെന്നും പ്രതികള്‍ കുറ്റക്കാരെന്നും കോടതി വിധിക്കുമ്പോള്‍ അതു കേള്‍ക്കാനും കാണാനും ആ വൃദ്ധ ദമ്പതികളില്ല. ആത്മഹത്യയെന്ന് ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ കേസില്‍ നീതിതേടി പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടം നടത്തിയ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളായ ഐക്കരക്കുന്നേല്‍ തോമസും മാതാവ് ലീലാമ്മയും നാല് വര്‍ഷം മുന്‍പ് ഈ ലോകത്തോട് വിടപറഞ്ഞു. 'എന്റെ മകള്‍ക്ക് എന്തുപറ്റി' എന്ന വിലാപവുമായി വിശ്വസിച്ച സഭയ്ക്കും പുരോഹിതര്‍ക്കുമെതിരേ ജീവിതാന്ത്യം വരെ പൊരുതിയ തോമസ് 2016 ജൂലൈ 24നും ലീലാമ്മ നവംബര്‍ 21 നും മരിച്ചു. ആത്മഹത്യയെന്ന വാദം ഉയര്‍ത്തി അന്വേഷണ സംഘങ്ങള്‍ ഓരോ തവണ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സമരവേദികളില്‍ നീതിക്കായി ഇരുവരും പോരാടി. കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘങ്ങള്‍ ശ്രമിക്കുമ്പോള്‍ നീതിപീഠത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് അവര്‍ മുന്നോട്ടു പോയത്. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തോമസും ലീലാമ്മയും.
തലയോലപ്പറമ്പ് സ്വദേശിയായ തോമസ് അരീക്കരയില്‍ താമസിക്കുമ്പോഴാണ് ബീനയെന്ന സിസ്റ്റര്‍ അഭയ 21 ാം വയസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കോട്ടയം ബി.സി.എം കോളജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്നു അഭയ. സന്യസ്ത ജീവിതം തെരഞ്ഞെടുത്ത ഏകമകളുടെ ദുരൂഹമരണം തോമസിനും കുടുംബത്തിനും താങ്ങാവുന്നതിലും ഏറെയായിരുന്നു. 24 വര്‍ഷം സമരം നടത്തിയും കോടതി കയറിയുമാണ് മകളുടെ ഘാതകരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ തോമസ് പോരാടിയത്. ഏകമകനായ ബിജുവിനും കുടുംബത്തിനുമൊപ്പം താമരക്കാട് താമസിക്കുമ്പോഴായിരുന്നു ഇരുവരും മരിച്ചത്. ബിജു ഇപ്പോള്‍ ദുബൈയില്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."