ലഹരികടത്താന്‍ സൈലോ കാര്‍; കച്ചവടം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍
നീലേശ്വരം: മൂന്നു കിന്റലോളം ലഹരി ഉല്പന്നങ്ങളുമായി ചൊവാഴ്ച രാത്രി പിടിയിലായ കണ്ണൂര്‍ കാപ്പാട് സ്വദേശി ടി. അക്ബര്‍(50), കണ്ണൂര്‍ പെരിങ്ങോം സ്വദേശി ടി.കെ കൃഷ്ണന്(59) എന്നിവര്‍ ബിസിനസ്് നടത്തിയിരുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയിലായിരുന്നുവെന്ന് നീലേശ്വരം എസ്.ഐ ശ്രീദാസ് പറഞ്ഞു.
ചെറുവത്തൂര്‍, നീലേശ്വരത്തിന്റെ മലയോരഭാഗങ്ങള്‍, ചീമേനി, കാക്കടവ്, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങള്‍, ഇരിട്ടി തുടങ്ങിയ ഇടങ്ങളില്‍ പാന്‍ ലഹരി മസാല ഉല്പന്നങ്ങള് വന്‍ തോതില്‍ വിറ്റഴിക്കുന്നുണ്ടെന്നു പൊലിസിനു വിവരം കിട്ടിയിരുന്നു. തീവണ്ടിയില്‍ മംഗളൂരുവില്‍നിന്നു ലഹരി ഉല്പന്നങ്ങള് കടത്തുന്നുവെന്നായിരുന്നു പൊലിസിന്റെ ആദ്യ നിഗമനം. തീവണ്ടി അരിച്ചു പൊറുക്കിയിട്ടും ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നു പൊലിസ് ദേശീയപാത കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് വില കൂടിയ കാറുകളില്‍ രാത്രി വന്‍ ലഹരി ഉല്പനങ്ങള് മംഗളുരു, ഷിമോഗ, ഉഡുപ്പി എന്നിവിടങ്ങളില്‍നിന്നു കടത്തുന്നതായി ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു രഹസ്യ വിവരം കിട്ടിയത്. തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി മാര്‍ക്കറ്റ് പരിസരത്ത് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് കൃഷ്ണനും അക്ബറും ഓടിച്ചുവന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ടതും പരിശോധിച്ചതും.
എസ്.ഐ ശ്രീദാസിനെ കൂടാതെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുധീഷ്, ഗിരീഷ്, രജീഷ് എന്നിവരും പരിശോധനക്ക് മുന്നിട്ടിറങ്ങി. കാറില്‍ കണ്ട പാന്‍ ലഹരി ഉല്പന്നങ്ങള് പൊലിസ് തൂക്കി അളന്നുതിട്ടപ്പെടുകയായിരുന്നു. 52700രൂപയും ഇവരുടെ കൈയില്‍നിന്നു പിടികൂടി.
ജാമ്യം ലഭിക്കുന്ന കേസാണെങ്കിലും പ്രതികളുടെ പുറകില്‍ മറ്റു ലഹരി റാക്കറ്റുകളുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലിസ് പറഞ്ഞു. ഇതുവരെ അതിനുതെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."