എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ; വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. ഉച്ചകഴിഞ്ഞ് എസ്.എസ്.എല്‍.സിയും രാവിലെ പ്ലസ് ടു പരീക്ഷയുമാണ് നടക്കുക. കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തീയതി സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നു. അതനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
രാവിലെ 9.40നാണ് പ്ലസ് ടു പരീക്ഷ. വെള്ളിയാഴ്ച ഒഴികെ ഉച്ചകഴിഞ്ഞ് 1.40 മുതല്‍ 3.30 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച (19ന്) ഉച്ച കഴിഞ്ഞ 2.40 മുതല്‍ 4.30 വരെയാണ് പരീക്ഷ.
മാര്‍ച്ച് 17ന് ഒന്നാം ഭാഷ പാര്‍ട് ഒന്ന്, 18ന് രണ്ടാം ഭാഷ ഇംഗ്ലീഷ്, 19ന് മൂന്നാം ഭാഷ ഹിന്ദി അഥവാ ജനറല്‍ നോളജ്, 22ന് ഊര്‍ജതന്ത്രം, 23ന് സോഷ്യല്‍ സയന്‍സ്, 24ന് ഒന്നാം ഭാഷാ പാര്‍ട്ട് രണ്ട്, 25ന് ജീവശാസ്ത്രം, 29ന് ഗണിതശാസ്ത്രം, 30ന് രസതന്ത്രം എന്നിങ്ങനെയാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതല്‍ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. വിജ്ഞാപനം ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി ല്‍ ലഭിക്കും.
പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. അതേ സമയം ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. പകരം ചോദ്യത്തില്‍ ഓപ്ഷനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ കരിക്കുലം കമ്മിറ്റി സമര്‍പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."