അപകടകെണിയായി ഒറയന്‍കുന്ന്
മതുക്കോത്ത്: മതുക്കോത്ത് ഒറയില്‍കുന്നില്‍ അപകടങ്ങള്‍ പതിവാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് നിന്ന് നായാട്ടുപാറയിലെ മില്ലിലേക്ക് പോവുകയായിരുന്ന മരം കയറ്റിയ കൂറ്റന്‍ ലോറി ഒറയില്‍ കുന്ന് ഇറക്കത്തിലെ വളവില്‍ മറിഞ്ഞിരുന്നു.
ഇതേസ്ഥലത്താണ് ഇന്നലെ വൈകുന്നേരം ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രണ്ടു സംഭവങ്ങളിലും തലനാരിഴക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. ഇതിന് മുന്‍പെ ഉണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റുകയും മരണവും സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനപാതയായിട്ടുപോലും ഇവിടെയുള്ള അപകടവളവില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്ഥാപിച്ചിട്ടില്ല. കുത്തനെയുള്ള ഇറക്കത്തില്‍ മിക്ക വാഹനങ്ങളും അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ ഇവിടെ നിന്ന് മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കുന്നത് പതിവാണ്. അമിതവേഗതയില്‍ വരുന്ന വാഹനങ്ങളും റോഡരികിലെ കുഴിയും കാരണം കാല്‍നട യാത്രക്കാര്‍ ഭയത്തോടെയാണ് ഇതുവഴി നടന്നുപോവുന്നത്. ഇവിടെ റോഡിന്് ഡിവൈഡറും സ്പീഡ് ബ്രെയ്ക്കറുകളും സ്ഥാപിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആവശ്യമുയര്‍ന്നിട്ടും അധികൃതര്‍ പരിഗണിച്ചിട്ടില്ല. റോഡിന്റെ ഒരുവശം ആഴമുള്ള കുഴിയായിട്ടും ഉയരത്തില്‍ പാര്‍ശ്വഭിത്തി കെട്ടി ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചിട്ടില്ല. കാല്‍ നടയാത്രക്കാര്‍ക്ക് നടപ്പാതയോ രാത്രിയില്‍ ഇതുവഴി പോകുന്നവര്‍ക്ക് വെളിച്ചമോ ഇവിടെയില്ല. അടിക്കടി അപകടം നടക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാനപാതയിലെ ഈ അപകടവളവില്‍ ഉടന്‍ സുരക്ഷാനടപടികള്‍ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."