അനിഷ്ടസംഭവം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം
ചെറുവത്തൂര്‍: ട്രോളിംഗ് നിരോധനം കഴിഞ്ഞു മത്സ്യബന്ധന മേഖല സജീവമാകുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍. കഴിഞ്ഞ വര്‍ഷം സംഘര്‍ഷങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ മടക്കരയില്‍ ഇത്തവണ കൃത്യമായ നിര്‍ദേശങ്ങള്‍ തയാറാക്കി. കോസ്റ്റല്‍ പൊലിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരസ്പര സഹകരണത്തോടെ തൊഴിലെടുക്കാന്‍ തീരുമാനമായത്. തൊഴിലാളികള്‍ ബോട്ട്, വള്ളം എന്നിവയുടെ ഉടമകള്‍, വിവിധ സംഘടന പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ മുന്‍കൈ എടുത്താണ് ആക്ഷേപങ്ങള്‍ക്ക് ഇട നല്‍കാതെ ഹാര്‍ബറിലെ പ്രവര്‍ത്തനം സജീവമാക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം നാടന്‍ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവയ്ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 31വരെ മത്സ്യബന്ധനം നടത്താം. ഇവര്‍ രാവിലെ 5.30ന് പുറപ്പെട്ട് വൈകുന്നേരം അഞ്ചിനു ഹാര്‍ബറില്‍ തിരിച്ചെത്തണം. ഇതര സംസ്ഥാന ജില്ലാ ബോട്ടുകള്‍, വള്ളങ്ങള്‍ എന്നിവ സെപ്റ്റംബര്‍ 30ന് ശേഷം മാത്രമേ ഹാര്‍ബറില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. അടുത്ത മെയ് 15ന് ഇവര്‍ ഹാര്‍ബര്‍ വിടണം. ഈ തീരുമാനങ്ങള്‍ ചൂണ്ട ബോട്ടുകാര്‍ക്കും ബാധകമാണ്. ചെറു മത്സ്യബന്ധനക്കാര്‍ക്കും പ്രാദേശിക മത്സ്യബന്ധന തൊഴിലാളികള്‍ക്കും വെല്ലുവിളിയാകാത്ത രീതിയിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ബോട്ടുടമകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായാണ് ഇത്. മടക്കരയില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. കോസ്റ്റല്‍ സി.ഐ പി.കെ സുധാകരന്‍ അധ്യക്ഷനായി. ചന്തേര എസ്.ഐ ഇ അനൂപ്കുമാര്‍, ഫിഷറീസ് സബ്ഇന്‍സ്‌പെക്ടര്‍ ജിജോമോന്‍, മുനമ്പത്ത് ഗോവിന്ദന്‍, ടി രവീന്ദ്രന്‍ കോസ്റ്റല്‍ എസ്.ഐ മാധവ് നായ്ക് സംസാരിച്ചു. ബോട്ട് ഓണേഴ്‌സ് പ്രതിനിധികള്‍, അജാനൂര്‍ കാഞ്ഞങ്ങാട് കടപ്പുറം ക്ഷേത്ര ഭാരവാഹികള്‍, ഹാര്‍ബര്‍ ഡവലപ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."