യാത്ര റദ്ദാക്കപ്പെടുന്ന സീറ്റുകളില്‍ ഇനി കേരളത്തിന് അവസരമില്ല
റദ്ദാക്കിയ 300 സീറ്റുകള്‍ ലഭിച്ചത് രണ്ടാംഘട്ടത്തിലുള്ളവര്‍ക്ക്
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ആദ്യഘട്ടത്തില്‍ ഹജ്ജ് സര്‍വിസുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ അവസാന നിമിഷം റദ്ദാക്കപ്പെടുന്ന സീറ്റുകള്‍ വീതംവയ്ക്കുമ്പോള്‍ കേരളം പുറത്ത്.
വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ അവസാന നിമിഷം റദ്ദാക്കിയ 300 സീറ്റുകള്‍ കഴിഞ്ഞ ദിവസം വീതംവച്ചപ്പോള്‍ ഒന്നു പോലും സംസ്ഥാനത്തിന് ലഭിച്ചില്ല.
രണ്ടാംഘട്ടത്തില്‍ സര്‍വിസ് നടക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് ഈ 300 സീറ്റുകള്‍ വീതിച്ച് നല്‍കിയത്. കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയവരുടെ ഒഴിവുകള്‍ അടുത്ത ദിവസങ്ങളില്‍ ഇനിയും കേന്ദ്രം വീതിക്കുന്നുണ്ട്.
നിലവില്‍ വീതിച്ച 300 ഹജ്ജ് സീറ്റുകളില്‍ 114 എണ്ണവും ലഭിച്ചത് മഹാരാഷ്ട്രക്കാണ്. 54 സീറ്റ് രാജസ്ഥാനും, 51 സീറ്റ് ഗുജറാത്തിനും, 42 സീറ്റ് മധ്യപ്രദേശിനും,39 സീറ്റ് തെലങ്കാനക്കുമാണ് ലഭിച്ചത്. കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ 20നാണ് സമാപിച്ചത്. അവസാന നിമിഷം സംസ്ഥാനത്തുനിന്ന് 44 പേരാണ് യാത്ര റദ്ദാക്കിയത്.
കേരളത്തില്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ആദ്യഘട്ടത്തിലാണ് ഈവര്‍ഷം ഹജ്ജ് സര്‍വിസുകള്‍ നടന്നത്. നേരത്തെ കേരളം രണ്ടാംഘട്ടത്തിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അവസാന നിമിഷം വരെയുള്ള സീറ്റുകള്‍ കേരളത്തിന് ലഭിച്ചിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈമാസം ആദ്യം വീതംവച്ച 1,000 ഹജ്ജ് സീറ്റുകളില്‍ കേരളത്തിന് 130 എണ്ണം ലഭിച്ചിരുന്നു. വരും വര്‍ഷങ്ങളിലും രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളുണ്ടായാല്‍ ഒരിടത്തെ യാത്ര രണ്ടാംഘട്ടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തെ സമീപിക്കാനിരിക്കുകയാണ്. അധിക സീറ്റ് ലഭിക്കുന്നതിന് പുറമെ ഹജ്ജ് ക്യാംപ് നടത്തിപ്പ് ചെലവ് കുറക്കാനും ഇതു വഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."