സഊദിയിലെ യു.എസ് സൈനിക താവളം; സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് പരിശോധന നടത്തി
റിയാദ്: സഊദിയില്‍ അമേരിക്കന്‍ സൈനിക താവളം അനുവദിച്ചതിനു പിന്നാലെ യു.എസ് സൈനികര്‍ക്ക് താവളമൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ സൈനികരെയും ആയുധങ്ങളെയും ഇവിടെയെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് കെന്നത്ത് മെക്കന്‍സി സഊദിയിലെത്തി സൈനിക താവളം പരിശോധിച്ചു. തലസ്ഥാന നഗരിയായ റിയാദിനടുത്തെ അല്‍ ഖര്‍ജിലാണ് അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുന്നത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു.
16 വര്‍ഷത്തിനു ശേഷമാണ് സഊദിയിലേക്ക് വീണ്ടും യു.എസ് സൈന്യമെത്തുന്നത്. ഇറാന് പ്രശ്നം സങ്കീര്‍ണമാവുകയും എണ്ണക്കപ്പലുകള്‍ക്ക് ഭീഷണി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മേഖലയുടെ സുരക്ഷിതത്വത്തിനെന്ന പേരില്‍ അമേരിക്കന്‍ സൈന്യത്തിന് സഊദി സൈനിക താവളമൊരുക്കിയത്. ഇതിനിടെ അന്താരാഷ്ട്ര നാവികസഖ്യം രൂപപ്പെടുത്താനുള്ള ശ്രമം തുടങ്ങിയെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. മേഖലയിലെ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് സഖ്യ രൂപീകരണത്തിനു അമേരിക്കയുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."