പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് തണലൊരുക്കി നാട്ടുകാര്‍
പുതുക്കാട്: രാപ്പാളില്‍ വെള്ളപ്പൊക്കത്തില്‍ വീടുനഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നാട്ടുകാരുടെ തുണയില്‍ തണലൊരുങ്ങി.
രാപ്പാള്‍ സ്വദേശികളായ കാടാമ്പുഴ സന്തോഷ്, പയ്യപ്പിള്ളി ജോണ്‍സണ്‍ എന്നിവര്‍ക്കാണ് താല്‍ക്കാലിക വീട് നിര്‍മിച്ചു നല്‍കിയത്.
രാപ്പാള്‍ പൗരാവലിയുടെ നേതൃത്വത്തില്‍ തിരുനിലത്തില്‍ കുഞ്ഞുണ്ണിമേനോന്‍, മഠത്തിവീട്ടില്‍ വിലാസിനിയമ്മയുടെ ഓര്‍മ്മയ്ക്ക് മകന്‍ ഹരിനാരായണന്‍ എന്നിവരാണ് വീടുപണിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്.
രാപ്പാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ തിരുനിലത്തില്‍ കുഞ്ഞുണ്ണിമേനോന്‍ വീടിന്റെ താക്കോല്‍ കൈമാറി. പൗരാവലിയുടെ നേതൃത്വത്തില്‍ വീടുപണിതു നല്‍കിയവരെ ആദരിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം അശോകന്‍ പന്തല്ലൂര്‍ അധ്യക്ഷനായി.
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന സമയത്തു തന്നെ സന്തോഷിനും ജോണ്‍സണും വീടുപണിതു നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. തകര്‍ന്നുപോയ വീടിന്റെ മേച്ചില്‍ ഓടുകള്‍ ഉപയോഗിച്ച് ക്യാംപംഗങ്ങള്‍ തന്നെ ചുരുങ്ങിയ ചെലവില്‍ തറപ്പണിനടത്തി.
200 ചതുരശ്ര അടി വീതമുള്ള രണ്ടു വീടുകളാണ് നിര്‍മിച്ചത്. കരാര്‍ ഒഴിവാക്കി, കെട്ടിടം പണിക്കുള്ള സാധനങ്ങള്‍ നേരിട്ടു വാങ്ങി നല്‍കി, ദിവസക്കൂലി അടിസ്ഥാനത്തില്‍ പണി ചെയ്തതിലൂടെ ചെലവ് ഗണ്യമായി കുറഞ്ഞു.
ട്രഫോര്‍ഡ് ഷീറ്റ് ഉപയോഗിച്ച് ചുമരും മേല്‍ക്കൂരയും നിര്‍മിച്ചു.പറപ്പൂക്കര കെ.എസ്.ഇ.ബി. സിംഗിള്‍ പോയിന്റ് വയറിങ് നടത്തി കണക്ഷന്‍ സൗജന്യമായി നല്‍കി.
രണ്ടു വീടുകള്‍ക്കുമായി ഒന്നേകാല്‍ ലക്ഷത്തില്‍ താഴെമാത്രമായിരുന്നു ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."