വികസന സമിതിയില്‍: ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ഒറ്റക്കെട്ട്
പാലക്കാട്: സീഡ് അതോറിറ്റിയില്‍ നിന്ന് വിത്ത് സ്വീകരിച്ചാല്‍ മാത്രമെ സബ്‌സിഡിയുള്‍പ്പെടെയുളള കാര്‍ഷിക ആനുകൂല്യങ്ങള്‍ നെല്‍കര്‍ഷകര്‍ക്ക് ലഭ്യമാവുകയുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാണിച്ച് കെ.വി വിജയദാസ് എം.എല്‍.എ ജില്ല വികസന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പിന്‍താങ്ങി. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിത്ത് ഗുണമേന്മ ഉറപ്പാക്കുന്നതായിരിക്കുമെന്നും അത്തരം വിത്തുകള്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതു കൂടാതെ കാട്ടുമൃഗങ്ങളുടെ ആക്രമത്തില്‍ നിന്ന് ജനങ്ങളേയും കാര്‍ഷികമേഖലയേയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറ്റൊരു പ്രമേയത്തില്‍ മലയോരമേഖലയില്‍ നിന്ന് വ്യാപകമായി കാട്ടുമൃഗങ്ങള്‍ ഇറങ്ങി വന്ന് ജനങ്ങളെ ആക്രമിക്കുന്നത് തടയാന്‍ വൈദ്യുതി ഫെന്‍സിങ്, സോളാര്‍ ഫെന്‍സിങ് എന്നിവ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു.
പ്രമേയം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പിന്‍താങ്ങി. ജില്ല കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ നെല്‍കൃഷിയുടെ വികസനത്തിലുണ്ടായ വര്‍ധനവും കുറവും കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് കെ.വി വിജയദാസ് എം.എല്‍.എ യോഗത്തില്‍ അവശ്യപ്പെട്ടു.
മലമ്പുഴ ചിറ്റൂര്‍ മേഖലയില്‍ പരിസ്ഥിതി പ്രശ്‌നത്തിന് ഇടയാക്കുംവിധം ജനവാസകേന്ദ്രങ്ങളില്‍ നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മൂഴിയെ വളര്‍ത്തുന്നത് പരിശോധനവിധേയമാക്കണമെന്നും ഇതുമൂലം മാലിന്യം കുമിഞ്ഞു കൂടുന്നതും തെരുവ്‌നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതും കെ.വി വിജയദാസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പരിശോധന സംഘത്തെ രൂപീകരിക്കാനും പഞ്ചായത്ത് തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഡി.ഡി പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് അധികൃതരോട് ജില്ല കലക്ടര്‍ പി.മേരിക്കുട്ടി നിര്‍ദേശിച്ചു.
കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പും ജല അതോറിറ്റിയും താഴേ തട്ടിലിറങ്ങി ഏകോപിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.
കൃത്യമായി വാട്ടര്‍ ബഡ്ജറ്റിങ് നടത്തി വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. പട്ടാഞ്ചേരി പഞ്ചായത്തിലെ കാട കനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും നിര്‍മിക്കാനിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ചെറുകിട ജലസേചന വകുപ്പ്, പൊതുമരാമത്ത് കെട്ടിട വകുപ്പ് അധികൃതര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.
പട്ടാമ്പി ടൗണിലെ തകര്‍ന്ന റോഡുകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു, പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി.
പട്ടയം സംബന്ധിച്ച അപേക്ഷകളിലുളള തീര്‍പ്പാക്കല്‍, ഭവന നിര്‍മാണത്തിനുളള കെ.എല്‍.യു, ഇതുസംബന്ധിച്ച് പഞ്ചായത്ത് തല കമ്മിറ്റിയിലുണ്ടാകുന്ന തീരുമാനം തുടങ്ങിയവയിലുളള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പിന്‍താങ്ങി. യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷിര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ സലാം മാസ്റ്റര്‍, മറ്റ് എം.എല്‍.എമാരായ പി. ഉണ്ണി, കെ.ഡി പ്രസേനന്‍, എ.ഡി.എം എസ്. വിജയന്‍ , ജില്ല പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."