സംവരണരീതി പുനഃപരിശോധിക്കണമെന്ന ഹരജി
ഹൈക്കോടതി സര്‍ക്കാരിന്റെ
വിശദീകരണം തേടി
കൊച്ചി: സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്നരീതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. മുസ്‌ലിം സമുദായത്തിന് അര്‍ഹമായ ഉദ്യോഗ പ്രാതിനിധ്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 61 വര്‍ഷമായി സംവരണഘടനയില്‍ പുനഃപരിശോധന ഉണ്ടായിട്ടില്ലെന്നും ഹരജിയിലുണ്ട്. 1958ല്‍ ആരംഭിച്ച രീതിയാണ് സംവരണ നിയമനങ്ങളില്‍ ഇപ്പോഴും തുടരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തേ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം വിഭാഗത്തിന് 11.4 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗമേഖലയില്‍ പ്രാതിനിധ്യമുള്ളതെന്ന് ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഉദ്യോഗമേഖലയിലെ കണക്കുകളനുസരിച്ച് പട്ടികവിഭാഗത്തിനേക്കാള്‍ താഴെയാണ് മുസ്‌ലിം വിഭാഗത്തിന്റെ പ്രാതിനിധ്യമെന്നും ഹരജിയില്‍ പറയുന്നു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരം 10 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. 2000ലെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിം വിഭാഗത്തിന് 8,000 തസ്തികകളില്‍ നിയമനം കിട്ടിയില്ലെന്ന് കണ്ടെത്തിയിരുന്നു. നിയമനങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെങ്കില്‍ സംവരണ തസ്തികകളിലെ റൊട്ടേഷന്‍ സംവിധാനം പുനഃപരിശോധിക്കണമെന്നും ഹരജിയിലുണ്ട്. മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.കെ ബീരാനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ദിരാ സാഹ്നി കേസിലെ സുപ്രിംകോടതി വിധിയനുസരിച്ച് ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണപട്ടിക പുനഃപരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ഇത് സംസ്ഥാനത്ത് നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. ഈ വിഷയം ഉന്നയിച്ച് ഹരജിക്കാര്‍ നേരത്തേ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഹരജി തീര്‍പ്പാക്കുകയായിരുന്നു. ഹരജി 26ന് വീണ്ടും പരിഗണിക്കും. ഇതേ ആവശ്യമുന്നയിച്ച് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."