കൂനിന്മേല് കുരു: സഊദിയില്‍ നിന്ന് മൃതദേഹം നാട്ടിലേക്കയക്കാന്‍ 500 റിയാല്‍ ഹാന്ഡ്ലിങ് ചാര്‍ജ്ജും ഏര്‍പ്പെടുത്തി
റിയാദ്: മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിനു സഊദിയില്‍ 500 റിയാല്‍ ഹാന്ഡ്ലിങ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശികളുടെ മൃതദേഹം നാട്ടിലയക്കുന്നതിനാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഇതോടെ സഊദിയില്‍ നിന്നു മൃതുദേഹങ്ങള്‍ അതാതു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് വീണ്ടും കൂടി.
എംബാം ചാര്‍ജ്, കാര്‍ഗോ ഹാന്ഡ്ലിങ് ചാര്‍ജ്, വിമാന നിരക്ക് എന്നിവ നല്കുമ്പോള് വലിയൊരു തുകയാണ് സഊദിയില്‍ നിന്നു മൃതദേഹങ്ങള്‍ അയക്കാന്‍ വേണ്ടിവരിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതുതായി ഏര്‍പ്പെടുത്തിയ തുക എയര്‍പോര്‍ട്ടിലെ കാര്‍ഗോ സെക്ഷനില്‍ അടച്ച ശേഷമാണ് മൃതദേഹം ഏല്‍പ്പിക്കേണ്ടത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മൃതദേഹങ്ങളുടെ എംബാമിങ് നടപടികള്‍ക്കുള്ള തുകയില്‍ ആയിരം റിയാല്‍ വര്‍ധിപ്പിച്ചത്. നേരത്തെ എംബാം ചെയ്യുന്നതിന് 5000 റിയാലായിരുന്നു. നിലവില്‍ മൃതദേഹം നാട്ടിലേക്കയക്കാന്‍ എംബാമിങ് ചിലവിനോപ്പം ഹാന്ഡ്ലിങ് ചാര്‍ജ് കൂടി വന്നതോടെ ഇതിനു മാത്രമായി ആറായിരത്തി അഞ്ഞൂറ് റിയാല്‍ (1,27,717) നല്‍കണം. ഇതോടൊപ്പം, മൃതദേഹം നാട്ടിലേക്കയക്കുന്നതിനു വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്ക് കൂടി കൂട്ടിയാല്‍ സഊദിയില്‍ നിന്നു നാട്ടിലേക്ക് മൃതദേഹം അയക്കാന്‍ വന്‍തുകയാണ് നല്‍കേണ്ടിവരിക.
ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ക്ലയിമിങ്ങിനു ശേഷം തുക ലഭിക്കുമെങ്കിലും പരിരക്ഷ ലഭിക്കാത്തവരുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള ഇത്രയും വലിയ തുക കുടുംബങ്ങളോ ഇതിനായി രംഗത്തുള്ളവര്‍ കണ്ടെത്തുകയോ ചെയ്യേണ്ടി വരും. മൃതദേഹം നാട്ടിലേക്കയക്കാന്‍ അയാട്ട നിയമപ്രകാരം വിമാന കമ്പനികള്‍ സഊദിയില്‍ നിന്ന് ഈടാക്കുന്നത് കിലോയ്ക്ക് 16 റിയാലാണ്. ഇതില്‍ ചില രാജ്യങ്ങളിലേക്കും ഇന്ത്യയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും ചാര്‍ജില്‍ ചില വ്യത്യാസം ഉണ്ടാകുമെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."