കുന്ദമംഗലം ഇനി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം
കുന്ദമംഗലം: കുന്ദമംഗലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു. കെട്ടാങ്ങല്‍ ടൗണില്‍ നടന്ന പരിപാടിയില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. മണ്ഡലത്തിലെ കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളില്‍ 18.401 കിലോമീറ്റര്‍ ലൈന്‍ വലിച്ച് 1109 ഗുണഭോക്താക്കള്‍ക്ക് കണക്ഷന് നല്‍കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതിനാവശ്യമായ 1,27,0000 രൂപയില്‍ 80 ലക്ഷം രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ബാക്കി തുക വൈദ്യുതി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചത്.
സാമ്പത്തിക പരാധീനതയുള്ള 51 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വീട് സൗജന്യമായി വയറിങ് നടത്തിക്കൊടുത്തിട്ടുണ്ട്്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 20 അങ്കണവാടികള്‍ക്കും വൈദ്യുതി കണക്ഷന് ലഭ്യമാക്കി.
സമ്പൂര്‍ണ വൈദ്യുതീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പരിശ്രമിച്ച കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും എം.എല്‍.എ ഏര്‍പ്പെടുത്തിയ ഉപഹാരം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനതല ഉപദേശകസമിതി അംഗം കെ. അശോകന് വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് ബീന, വൈ.വി ശാന്ത, ടി.പി ബാലകൃഷ്ണന് നായര്‍, ഇ.എം ജയപ്രകാശ്, ചൂലൂര്‍ നാരായണന്, ഹരിദാസന് പൊക്കിണാരി, കെ. ഗംഗാധരന്, കെ. മുഹമ്മദ്, കെ. രാധാകൃഷ്ണന് സംസാരിച്ചു. കോഴിക്കോട് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ചന്ദ്രബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ബി സ്വാമിനാഥന് സ്വാഗതവും അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. സന്തോഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."