മെഡിസെപിനെതിരേ വ്യാപക എതിര്‍പ്പ് , വഞ്ചിക്കപ്പെട്ടെന്ന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും
ഇ.പി മുഹമ്മദ്
കോഴിക്കോട്: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിനെതിരേ വ്യാപക പരാതി.
പ്രതിപക്ഷ അധ്യാപക, സര്‍വിസ് സംഘടനകള്‍ പദ്ധതിക്കെതിരേ തുടക്കംമുതല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ ഭരണകക്ഷി സംഘടനകളും രംഗത്തുവന്നത് സര്‍ക്കാരിന് വെല്ലുവിളിയായി. പദ്ധതിപ്രകാരം ചികിത്സാ ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ സംസ്ഥാനത്തെ പ്രധാന ആശുപത്രികളൊന്നും ഇല്ലാത്തതാണ് പദ്ധതിക്കെതിരായ എതിര്‍പ്പ് ശക്തമാക്കിയത്. പ്രധാന ആശുപത്രികളില്‍ ആനുകൂല്യം ഇല്ലാതായതോടെ പദ്ധതികൊണ്ട് ഉപകാരമില്ലാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഇന്‍ഷുറന്‍സ് പാക്കേജ് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന ആശുപത്രികള്‍ വിട്ടുനില്‍ക്കുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികപ്രകാരം ഏതാനും ആശുപത്രികളില്‍ മാത്രമാണ് ചികിത്സാ ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയും പട്ടികയില്‍ ഇല്ല. അതേസമയം, സി.പി.എം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടംനേടിയതും ആക്ഷേപത്തിന് ഇടയാക്കി.
കണ്ണൂര്‍ ജില്ലയില്‍ മെഡിക്കല്‍ കോളജിലും എ.കെ.ജി ആശുപത്രിയിലും ഒരു കണ്ണാശുപത്രിയിലും മാത്രമാണ് ആനുകൂല്യം ലഭിക്കുക. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ എട്ടും എറണാകുളത്ത് 10ഉം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 12ഉം ആശുപത്രികളാണ് പട്ടികയിലുള്ളത്. കോഴിക്കോട്ട് പ്രധാന ആശുപത്രികളായ ആസ്റ്റര്‍ മിംസ്, മെയ്ത്ര, ബേബി മെമ്മോറിയല്‍ ആശുപത്രി, സ്റ്റാര്‍ കെയര്‍, പി.വി.എസ് എന്നിവയൊന്നും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ്, ആസ്റ്റര്‍, മെഡിക്കല്‍ സെന്റര്‍, അമൃത, ലിസ്സി, ലേക്‌ഷോര്‍ തുടങ്ങിയ ആശുപത്രികള്‍ ഇല്ല. തൃശൂരില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എട്ടില്‍ മൂന്നെണ്ണം കണ്ണാശുപത്രികളാണ്. ബാക്കിയുള്ള അഞ്ചും 100 കിടക്കകള്‍ പോലുമില്ലാത്ത ചെറിയ ആശുപത്രികളാണ്. മലപ്പുറത്ത് ഏറ്റവും മികച്ച ആശുപത്രികളുള്ള പെരിന്തല്‍മണ്ണയില്‍ നിന്ന് ഒന്നുപോലും പട്ടികയിലില്ല. വയനാട്ടില്‍ നാല് ആശുപത്രികളാണുള്ളത്. ഇവയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് ജീവനക്കാര്‍ ചോദിക്കുന്നു.
1960ലെ മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂള്‍ പ്രകാരം ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് ആനുകൂല്യം നിര്‍ത്തലാക്കിയാണ് മെഡിസെപ് എന്ന പേരില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയത്. പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതിനുപകരം റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് ഏല്‍പ്പിച്ചത്. മാസം 250 രൂപ നിരക്കില്‍ വര്‍ഷം മൂവായിരം രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കി റിലയന്‍സിന് നല്‍കുന്നത്. പെന്‍ഷന്‍കാരില്‍ നിന്ന് 300 രൂപയാണ് ഈടാക്കുന്നത്. പെന്‍ഷന്‍കാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന മെഡിക്കല്‍ അലവന്‍സ് നിര്‍ത്തലാക്കി ഈ തുക പദ്ധതിയിലേക്ക് മാറ്റും.
ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 11 ലക്ഷത്തോളം ആളുകളില്‍ നിന്ന് 360 കോടി രൂപയാണ് ഒരു വര്‍ഷം റിലയന്‍സിന് നല്‍കുക. വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യം മാത്രമേ ലഭിക്കൂ. ഗുരുതര രോഗമാണെങ്കില്‍ മൂന്നുവര്‍ഷത്തേക്ക് ആറുലക്ഷം രൂപ ലഭിക്കും. ഈ പരിധി എടുത്തുകളയണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയംതുക വര്‍ധിപ്പിക്കുമെന്ന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ പ്രീമിയവും കൂടുതല്‍ ആനുകൂല്യവും രേഖപ്പെടുത്തിയ കമ്പനി റിലയന്‍സ് ആയതുകൊണ്ടാണ് അവരെ ഏല്‍പ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, റിലയന്‍സിനെ ഏല്‍പ്പിച്ചതിനുപിന്നില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."