യൂത്ത് കോണ്‍. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധിപേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന കത്തിക്കുത്തിലും പരീക്ഷാക്രമക്കേടിലും ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിവന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ഒന്‍പതുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ കാമറാമാന്‍ പ്രവീണ്‍ദാസിന് തലയ്ക്കും ഫോര്‍ട്ട് എ.സി പ്രതാപന്‍ നായര്‍ക്ക് കൈയ്ക്കും പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ടി.ആര്‍ രാജേഷ്, അജു കെ. മധു, നേമം ബൈജു, അജയ്‌ഘോഷ്, നേമം ഷജീര്‍, സുമ, പവിജ എന്നിവര്‍ക്കും ഒരു വഴിയാത്രക്കാരനും പരുക്കേറ്റു.
അക്രമാസക്തരായി പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. എന്നിട്ടും പിരിഞ്ഞുപോകാത്തവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും നടത്തി. സമരപ്പന്തലിന് സമീപത്തേക്ക് പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരാഹാര സമരം ചെയ്തുവന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ കെ.എസ്.യു സമരപ്പന്തലിന് സമീപത്ത് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരപ്പന്തലിന് സമീപം നിര്‍ത്തിയിട്ടിരുന്ന പൊലിസ് വാഹനം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. വാക്കേറ്റം ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസിനെയും നേതാക്കളെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കി.
'സര്‍ക്കാരിനെതിരായ പോരാട്ടം തുടരും'
തിരുവനന്തപുരം: അഴിമതിയും അക്രമവും നടത്തുന്ന സര്‍ക്കാരിനെതിരായ ധാര്‍മിക പോരാട്ടം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് എം.പി.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാപകല്‍ സമരം തുടങ്ങും. കെ.എസ്.യുവിന്റെ നിരാഹാരം എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അഹങ്കാരമാണ്.
എന്തിനാണ് സമരമെന്ന് മുഖ്യമന്ത്രിക്ക് വരുംദിവസങ്ങളില്‍ മനസിലാകും. സംസ്ഥാനം ഇതുവരെ കാണാത്ത വിധത്തില്‍ അഴിമതിയും അരാജകത്വവും അക്രമവും അരങ്ങേറുമ്പോള്‍ നോക്കിനില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു നിരാഹാരസമരം
അവസാനിപ്പിച്ചു
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവും പരീക്ഷാക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ കെ.എസ്.യു നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, നേതാക്കളായ ജഷീര്‍ പള്ളിവേല്‍, ജോബിന്‍ സി. ജോയി തുടങ്ങിയവര്‍ നടത്തിയ സമരം എട്ടാംദിവസത്തിലാണ് അവസാനിപ്പിച്ചത്.
ഇവര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഇന്നലെ യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിനിടെയുണ്ടായ കണ്ണീര്‍വാതക പ്രയോഗത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."