ഇഫ്താര്‍: പ്രകൃതി സൗഹൃദമാക്കുമെന്ന് സംഘടനാ നേതാക്കള്‍
കോഴിക്കോട്: റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും പ്ലാസ്റ്റിക് നിര്‍മിതമായ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദപരമായി സംഘടിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഉറപ്പുനല്‍കി. 'മാലിന്യമുക്ത ജില്ല' എന്ന ആശയം മുന്‍നിര്‍ത്തി ജില്ലാ കലക്ടറാണ് ആശയം മുന്നോട്ടുവച്ചത്.
ഇതിനായി സമുദായ സംഘടനാ നേതാക്കളുടെ യോഗം ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിലൂടെ മാലിന്യങ്ങളുടെ തോത് കുറയ്ക്കാനാകും.
ജമാഅത്ത് കമ്മിറ്റികള്‍ നേരിട്ടോ വിശ്വാസികളില്‍നിന്ന് സംഭാവനയായോ സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ പാത്രങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നത് മാലിന്യപ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശം മുന്നോട്ടുവച്ചു.
പ്ലാസ്റ്റിക്കും ഡിസ്‌പോസിബിള്‍ വസ്തുക്കളും മനുഷ്യനും പ്രകൃതിക്കും വിപത്തെന്ന സന്ദേശങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഖുത്വുബ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തും. നോമ്പുതുറ, ഇഫ്താര്‍, തറാവീഹ് നിസ്‌കാരം, പെരുന്നാള്‍, നബിദിനാഘോഷം, ഉറൂസുകള്‍ എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയില പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കളിലാക്കും. റാലികള്‍, സമ്മേളനങ്ങള്‍, മതപ്രഭാഷണ പരമ്പരകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ കുപ്പിവെള്ളം ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ്, കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം, ജില്ലാ പ്രസിഡന്റ് വി.കെ ബാവ, അബ്ദുല്ല ചേളന്നൂര്‍ (ജമാഅത്തെ ഇസ്മാമി), എ.കെ അബ്ദുല്‍ ഹമീദ് (കാന്തപുരം വിഭാഗം) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."