'സെക്രട്ടേറിയേറ്റിനു മുന്നില്‍ വച്ചു കലിമ ചൊല്ലി മുസ്‌ലിമാവും, ഇനി ഞാന്‍ കമല്‍ സി നജ്മല്‍'
കഴിഞ്ഞ ദിവസം അന്തരിച്ച പഴയ കാല നക്‌സല്‍ നേതാവായിരുന്ന ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിനുണ്ടായ ദുരവസ്ഥയില്‍ പ്രതിഷേധിച്ചു മുസ്‌ലിമാവുമെന്നു പ്രഖ്യാപിച്ച എഴുത്തുകാരന്‍ കമല്‍ സി സെക്രട്ടേറിയേറ്റിനു മുന്നില്‍ വച്ചു കലിമ ചൊല്ലി മുസ്‌ലിമാവും.
എന്റെ മതംമാറ്റം എന്റെ രാഷ്ട്രീയ ബോധ്യമാണെന്നും അതിനെ വൈകാരികമായി മാത്രം കാണേണ്ടതില്ലെന്നും കമല്‍ സി നജ്മല്‍ എന്നു പേര്‍ സ്വീകരിച്ചതായും അദ്ദേഹം സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു.
സ്വയം ഇസ്‌ലാമായി എന്ന് എനിക്കു പറയാന്‍ പറ്റില്ലല്ലോ, ഇസ്‌ലാം ആവാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ നേരത്തെ നടത്തിയ പ്രഖ്യാപനം വഴി ഉദ്ദേശിച്ചിട്ടുള്ളത്. മതം മാറ്റത്തിനു സന്നദ്ധനാണെന്നാണ് ഉദ്ദേശിച്ചത്.
വെള്ളിയാഴ്ച്ച സെക്രട്ടേറിയേറ്റിനു മുന്നില്‍ വച്ചു കലിമ ചൊല്ലും, ഹിന്ദുത്വ ഫാസിസത്തിനെതിരേയുള്ള കൂട്ടായ്മയില്‍ വച്ചാണ് ചൊല്ലുക. ഇബ്രാഹീം മൗലവി എന്ന വ്യക്തിയാണ് കലിമ ചൊല്ലിത്തരുക എന്നും കമല്‍ സി നജ്മല്‍ പറഞ്ഞു.
എന്റെ മതം മാറ്റം പ്രതിഷേധവും സമരവുമാണ്. അല്ലാഹുവിലേക്കു എത്താന്‍ പല വഴികളുണ്ടല്ലോ, ഞാന്‍ ഇസ്‌ലാമിനെ പറ്റി കൂടുതല്‍ മനസ്സിലാക്കും. വിയോജിപ്പ് തോന്നുന്നവ മതത്തിനുള്ളില്‍ തന്നെ ചര്‍ച്ചക്കു വക്കും. ആചാരങ്ങളൊക്കെ പിന്‍തുടര്‍ന്നു തന്നെയായിരിക്കും ജീവിക്കുക.
അല്ലാഹിവില്‍ വിശ്വസിച്ചു പ്രാര്‍ത്ഥിക്കും. അല്ലാഹുവില്‍ അഭയം കിട്ടുമെന്നാണ് വിശ്വാസം. മതം മാറ്റം എന്റെ വ്യക്തിപരമായ കാര്യമാണ്. അഛനും അമ്മക്കും വിയോജിപ്പുണ്ടാവാനുള്ള സാധ്യതയുണ്ട്.
ഭാര്യക്കും മക്കള്‍ക്കും വിയോജിപ്പില്ല. അവരോട് ഞാന്‍ സംസാരിച്ചതാണ്. അവര്‍ ഇസ്‌ലാമിലേക്കു വരുന്നില്ല. ബാബരി മസ്ജിദ് പൊളിക്കപ്പെട്ട കാലത്തു തന്നെ എന്റെ മനസ്സില്‍ ഈ ചിന്തയുണ്ട്. ഹാദിയയുടെ വിഷയം നടക്കുമ്പോള്‍ ഈ മാറ്റത്തെ കുറിച്ചു ഞാന്‍ സുഹൃത്തുക്കളുടെ അടുത്തു സംസാരിച്ചിരുന്നു.
ഒന്നും കൂടി ആലോചിച്ചിട്ടു മതി എന്നാണ് സുഹൃത്തുക്കള്‍ അന്ന് പറഞ്ഞത്. പക്ഷേ നജ്മല്‍ ബാബുവിനു സംഭവിച്ച അനുഭവത്തില്‍ ഇനി ഒന്നും കാത്തിരിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
എന്റെ പേര് കമല്‍ സി നജ്മല്‍ എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇനി ആ പേര്‍ സ്വീകരിക്കും. ഇതര ഇസ്‌ലാമിക സഹോദരങ്ങള്‍ക്കു വിഷമമുണ്ടാക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം നിരസിക്കപ്പെട്ടതാണ് കമല്‍ സി വളരെ പെട്ടെന്നു തന്നെ മതം മാറ്റം പഖ്യാപിക്കാനുണ്ടായ കാരണം.
താന്‍ മരിച്ചാല്‍ ചേരമാന്‍ പള്ളിയില്‍ കബറടക്കണമെന്നായിരുന്നു നജ്മല്‍ ബാബു തന്റെ ജീവിത കാലത്തു എഴുതി വച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ആഗ്രഹം സഫലമാക്കാന്‍ സുഹൃത്തുക്കള്‍ പലരും ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ വിസമ്മതിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നു സഹോദരന്റെ വീട്ടു വളപ്പിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. ഭരണകൂടവും അധികൃതരും ബന്ധുക്കളുടെ നിലപാടിനൊപ്പമായിരുന്നു.
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."