ഫ്രഞ്ച് ഓപണ്‍ ടെന്നീസിന് ഇന്ന് തുടക്കം കളിമണ്‍ പ്രതലത്തില്‍ തീപ്പാറും
പാരിസ്: സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഫ്രഞ്ച് ഓപണ്‍ ടെന്നീസിന് റോളണ്ട് ഗാരോസിലെ കളിമണ്‍ പ്രതലത്തില്‍ ഇന്ന് തുടക്കമാകും. പത്താം ഫ്രഞ്ച് ഓപണ്‍ കിരീടം ലക്ഷ്യമിട്ട് സ്പാനിഷ് താരം റാഫേല്‍ നദാലും കിരീടം നിലനിര്‍ത്താനായി ഒരുങ്ങുന്ന നൊവാക് ദ്യോക്കോവിചുമാണ് ശ്രദ്ധേയ താരങ്ങള്‍. പ്രമുഖ താരങ്ങളുടെ പിന്‍മാറ്റവും ഇത്തവണത്തെ പോരാട്ടത്തെ സവിശേഷമാക്കി നിര്‍ത്തുന്നുണ്ട്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ്, മരിയ ഷെറപ്പോവ, വിക്ടോറിയ അസാരങ്കെ തുടങ്ങിയവരൊന്നും റോളണ്ട് ഗാരോസില്‍ ഇറങ്ങുന്നില്ല. നദാലിനും ദ്യോക്കോവിചിനും പുറമേ ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക തുടങ്ങിയവരും പോരിനിറങ്ങുന്നുണ്ട്. വനിതാ വിഭാഗത്തില്‍ അഞ്ജലീക്ക് കെര്‍ബര്‍, സിമോണെ ഹാലെപ്, ഗര്‍ബിനെ മുഗുരുസ തുടങ്ങിയവര്‍ ഏറ്റുമുട്ടും. ജൂണ്‍ 11 വരെയാണ് പോരാട്ടങ്ങള്‍.
ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഉറുഗ്വെയുടെ പാബ്ലോ ക്യുവാസുമായി ചേര്‍ന്ന് പുരുഷ ഡബിള്‍സില്‍ മത്സരിക്കാനിറങ്ങും. ഇരുവരും ഒന്‍പതാം സീഡാണ്. മറ്റൊരു ഇന്ത്യന്‍ താരം സാനിയ മിര്‍സ കസാഖിസ്ഥാന്‍ താരം യാരോസ്ലവ ഷവെഡോവയുമായി ചേര്‍ന്ന് വനിതാ ഡബിള്‍സില്‍ മത്സരിക്കും.
നാലാം സീഡായിട്ടാണ് ഇരുവരും ഇറങ്ങുന്നത്. ഇന്ത്യന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സും സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിനി ഹിംഗിസുമാണ് നിലവിലെ മിക്‌സഡ് ഡബിള്‍സ് ജേതാക്കള്‍. ഇരുവരും ഇത്തവണയും മത്സരിച്ചേക്കും.
പരുക്കും ഫോമിലില്ലായ്മയും അലട്ടി കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ പോയ നദാല്‍ ഈ സീസണില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആസ്‌ത്രേലിയന്‍ ഓപണിന്റെ ഫൈനല്‍ വരെ മുന്നേറിയ നാദാലിനെ അവിടെ റോജര്‍ ഫെഡറര്‍ക്ക് മുന്നില്‍ വീഴേണ്ടി വന്നെങ്കിലും പിന്നീട് നടന്ന എ.ടി.പി പോരാട്ടങ്ങളില്‍ മികച്ച വിജയങ്ങളും കിരീട നേട്ടവും നദാല്‍ സ്വന്തമാക്കിയിരുന്നു. പ്രത്യേകിച്ച് കളിമണ്‍ പ്രതലത്തിലെ തന്റെ അപ്രമാദിത്വം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതാണ് അതില്‍ ശ്രദ്ധേയം. ഒന്‍പത് തവണ ഫ്രഞ്ച് ഓപണില്‍ കിരീടം നേടി റോളണ്ട് ഗാരോസില്‍ ഏറ്റവും കൂടുതല്‍ കിരീട വിജയങ്ങളെന്ന റെക്കോര്‍ഡുള്ള നദാല്‍ ഇവിടെ അനുപമമായ നേട്ടങ്ങളുള്ള താരമാണ്.
72 വിജയങ്ങളാണ് റോളണ്ട് ഗാരോസില്‍ നദാല്‍ സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സ്പാനിഷ് താരം ഇവിടെ തോല്‍വി വഴങ്ങിയത്. 2015ല്‍ ദ്യോക്കോവിചിന് മുന്നിലും 2009ല്‍ റോബിന്‍ സോഡെര്‍ലിങിന് മുന്നിലുമാണ് നദാല്‍ പരാജയം സമ്മതിച്ചത്. നദാലിനാണ് ഇത്തവണ കിരീട സാധ്യതയെന്ന് നിലവിലെ ചാംപ്യന്‍ നൊവാക് ദ്യോക്കോവിച് തുടക്കത്തില്‍ തന്നെ അഭിപ്രായം പറഞ്ഞതും ചേര്‍ത്തു വായിക്കാം.
കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ഓപണ്‍ കിരീടം മാത്രം നേടിയ ദ്യോക്കവിച് കരിയറില്‍ തിരിച്ചടികളുടെ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തവണ കിരീടം നിലനിര്‍ത്താന്‍ ദ്യക്കോക്ക് കഠിന ശ്രമം വേണ്ടി വരും. മത്സര ക്രമമനുസരിച്ച് അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ദ്യക്കോവിചും നദാലും തമ്മില്‍ സെമിയില്‍ ഏറ്റുമുട്ടും. രണ്ടില്‍ ഒരാള്‍ അവസാന നാലില്‍ പുറത്താകും.
മുന്‍ അമേരിക്കന്‍ ഇതിഹാസം ആന്ദ്രെ അഗാസ്സിയെ പരിശീലകനാക്കി മുന്നേറ്റം തിരിച്ചുപിടിക്കാന്‍ ദ്യോക്കോ കഠിന ശ്രമത്തിലാണ്. ആന്‍ഡി മുറെ- സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും സെമിയില്‍ നേര്‍ക്കുനേര്‍ വരുന്ന തരത്തിലാണ് മത്സര ക്രമം ഉള്ളത്.
വനിതാ സിംഗിള്‍സില്‍ തുടക്കം മുതല്‍ കടുത്ത പോരാട്ടം തന്നെ അരങ്ങേറും. അഞ്ജലീക്ക് കെര്‍ബര്‍ക്ക് ആദ്യ റൗണ്ടിലെ എതിരാളി ഏക്തറീന മകരോവയാണ്. ഒളിംപിക്ക് സ്വര്‍ണ മെഡല്‍ ജേത്രി മോണിക്ക പ്യുഗ്- റോബര്‍ട്ടോ വിന്‍സിയുമായും ആദ്യ റൗണ്ടില്‍ മത്സരിക്കും. ഇടവേളയ്ക്ക് ശേഷം കളത്തിലെത്തുന്ന പെട്രോ ക്വിറ്റോവയ്ക്കും കടുത്ത വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."