ഓണക്കാല പച്ചക്കറികൃഷി പണികള്‍ക്കു തുടക്കമായി
പാലക്കാട്: ഓണക്കാല പച്ചക്കറികൃഷി പണികള്‍ക്കു തുടക്കമായി. നെന്മാറ, വിത്തനശേരി, പല്ലാവൂര്‍, അയിലൂര്‍, പാളിയമംഗലം, തിരുവാഴിയാട്, കരിങ്കുളം,കരിമ്പാറ, പാലമൊക്ക് എന്നിവിടങ്ങളിലാണ് പച്ചക്കറികൃഷി തുടങ്ങിയത്.
ഉഴുത പാടത്ത് കാലിവളം, ജൈവവളം, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത് പ്രത്യേകരീതിയില്‍ തടമെടുത്ത് വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാതാക്കിയാണ് തൈകള്‍ വളര്‍ത്തുന്നത്. വിപണിയില്‍ ആദ്യമെത്തുന്നവയ്ക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.ഇടവിളയായി ചീര, മുളക്, വഴുതന എന്നിവയും നട്ടുപിടിക്കുന്നുണ്ട്.
കൂടാതെ പയര്‍, പാവല്‍ എന്നിവ പന്തലുകളില്‍ പടരുന്നതും കാണാനാകും. ഇടവിട്ട് വേനല്‍മഴ പെയ്യുന്നത് കര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നു. വളപ്രയോഗവും നനയും മത്സരബുദ്ധിയോടെയാണ് കര്‍ഷകര്‍ നടത്തുന്നത്.
വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നതെന്ന് കരിമ്പാറയിലെ കര്‍ഷകനായ അബ്ബാസ് പറഞ്ഞു.
ഹോര്‍ട്ടി കോര്‍പ്‌സ്, കൃഷിവകുപ്പുകള്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്കുന്നു. കഴിഞ്ഞവര്‍ഷം അഞ്ചുലോഡ് പച്ചക്കറിവരെ തൃശൂര്‍, പറവൂര്‍, എറണാകുളം മാര്‍ക്കറ്റുകളിലേക്ക് ദിനംപ്രതി കൊണ്ടുപോയിരുന്നു.
സ്വന്തമായി കൃഷിയിടമില്ലാത്തവര്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. ഏക്കറൊന്നിന് നാല്പതിനായിരം രൂപ വരെ പാട്ടംനല്കി കൃഷി ചെയ്യുന്നവരും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."