HOME
DETAILS
MAL
കോളജുകള്‍ ജനുവരി നാലിന് തുറക്കും; മാര്‍ഗനിര്‍ദേശങ്ങളായി
backup
December 24 2020 | 05:12 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരുന്ന കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
എല്ലാ കോളജുകളിലും സര്‍വകലാശാലകളിലും 50 ശതമാനം വിദ്യാര്‍ഥികളുമായി ജനുവരി നാലിന് ക്ലാസുകള്‍ തുടങ്ങും. നിലവില്‍ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന (സി.എഫ്.എല്‍.ടി.സി) കോളജുകള്‍ ഡിസംബര്‍ 31നകം അതൊഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെമസ്റ്റര്‍ തലത്തിലായിരിക്കും ക്ലാസുകള്‍ തുടങ്ങുക. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എജുക്കേഷന്‍, പോളിടെക്‌നിക്ക് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി- ഡിപ്ലോമക്കാര്‍ക്ക് അവസാനത്തെ രണ്ടു സെമസ്റ്ററുകള്‍ക്കാണ് ആദ്യം ക്ലാസുകള്‍ തുടങ്ങുക. പി.ജിക്കാര്‍ക്ക് എല്ലാ സെമസ്റ്ററുകള്‍ക്കും ക്ലാസുകള്‍ തുടങ്ങും. ഗവേഷകവിദ്യാര്‍ഥികള്‍ക്കും ടെക്‌നിക്കല്‍ സര്‍വകലാശാല, കുസാറ്റ് എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കും ഇതേരീതിയില്‍ ക്ലാസുകള്‍ തുടങ്ങും.
പ്രിന്‍സിപ്പല്‍മാര്‍, അധ്യാപക- അനധ്യാപകരുള്‍പ്പെടെ എല്ലാ ജീവനക്കാരും ഈ മാസം 28ന് കോളജുകളിലെത്തണം. ക്ലാസ് റൂമുകള്‍, ലാബ്, ഹോസ്റ്റലുകള്‍ എന്നിവ അണുനശീകരണം നടത്തിയെന്നത് ഉറപ്പുവരുത്തണം. ലാബിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന കാര്യവും ഉറപ്പുവരുത്തണം. അധ്യാപകര്‍ കോളജിലെത്തി അവിടെ വരാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."