ഗവര്‍ണര്‍ക്കെതിരേ യു.ഡി.എഫും എല്‍.ഡി.എഫും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനുള്ള അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധം ശക്തമാകുന്നു.
ഭരണ, പ്രതിപക്ഷ ഭേദമന്യേ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരേ ഉയരുന്നത്. ഇന്നലെ നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.
നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരാകരിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ തത്വങ്ങള്‍ക്കും അന്തസത്തയ്ക്കും നിരക്കാത്തതാണെന്നും തികഞ്ഞ ഭരണഘടനാ ലംഘനമാണെന്നും യോഗം കുറ്റപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി ജോസഫ്, വി.ഡി സതീശന്‍, സണ്ണി ജോസഫ്, എ.പി അനില്‍കുമാര്‍, ടി.എ അഹമ്മദ് കബീര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, എം.വിന്‍സെന്റ്, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജനുവരി എട്ടിനു നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുമ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയമല്ല, നിയമമാണ് പാസാക്കേണ്ടതെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
എല്‍.ഡി.എഫും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സഭാ സമ്മേളനം ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി . ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത്. സംസ്ഥാന സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."