വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു; അമ്മയും മകളും പൊലിസ് സ്റ്റേഷനില്‍ അഭയം തേടി
ചേര്‍ത്തല: ഒറ്റമുറി മാത്രമുള്ള വാടകവീട്ടില്‍ നിന്നു വീട്ടുടമ ഇറക്കിവിട്ട അമ്മയും മകളും പൊലിസ് സ്റ്റേഷനില്‍ അഭയം തേടി. തണ്ണീര്‍മുക്കം കൊക്കോതമംഗലം ചന്ദ്രവിലാസത്തില്‍ ഗീതാമണി(46)യും കിങ്ങിണി(21)യുമാണ് ചേര്‍ത്തല സ്റ്റേഷനിലെത്തിയത്.
തുടര്‍ന്ന് പൊലിസ് പ്രശ്നത്തില്‍ ഇടപെടുകയും ഇവരെ രണ്ട് മാസത്തേക്കു കൂടി വാടക വീട്ടില്‍ താമസിപ്പിക്കുവാനും രണ്ട് സെന്റിലെ ഇവരുടെ ഇടിഞ്ഞുവീണ വീട് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങി. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ ചേര്‍ത്തല ശാവേശേരിക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതും കിടക്കുന്നതും വസ്ത്രങ്ങള്‍ വയ്ക്കുന്നതും സാധനങ്ങള്‍ സൂക്ഷിക്കുന്നതുമെല്ലാം ഇവിടെയാണ്. മറ്റ് വാടകക്കാര്ക്കൊപ്പമുള്ള പൊതു ശുചിമുറിയുമാണുള്ളത്.
അച്ഛനും അമ്മയും മരിച്ച ഗീതയ്ക്ക് അടുത്ത ബന്ധുക്കളാരുമില്ല. നേരത്തെ അരൂരിലെ ചെമ്മീന്‍ കമ്പിനിയില്‍ പണിക്ക് പോകുമായിരുന്നു. ശാരീരിക അവശതകള്‍ കാരണം ഇപ്പോള്‍ പോവാന്‍ കഴിയുന്നില്ല. കിങ്ങിണി ഏഴാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ പല വാടക വീടുകളിലായാണ് താമസിക്കുന്നതെന്ന് ഗീത പറഞ്ഞു. ശാവേശേരിയിലെ ഇപ്പോഴത്തെ വീട്ടില്‍ എട്ടു വര്‍ഷമായി കഴിയുകയാണ്.
പ്ലസ്ടു വിനു ശേഷം ലാബ് ടെക്നീഷ്യന് കോഴ്സ് പഠിച്ച് ഇപ്പോള്‍ ചേര്‍ത്തലയിലെ സ്വകാര്യ ലാബില്‍ ജോലിക്ക് പോകുന്നുണ്ട്. ഇവിടെ നിന്നു കിട്ടുന്ന വരുമാനത്തിലാണ് ഇവര്‍ ജീവിക്കുന്നത്. എന്നാല്‍ ഇവരുടെ മുറിക്ക് അടുത്തുള്ള മറ്റ് മുറികളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന്റെ പേരിലാണ് വാടകകാരന് എല്ലാവരോടും മുറി ഒഴിയുവാന്‍ ആവശ്യപ്പെട്ടത്.
ഇതിനിടെ കഴിഞ്ഞ ദിവസം വീട് ഉടമ ഇവരുടെ മുറിയുടെ വാതില്‍ പൂട്ടിയെടുത്തു. വസ്ത്രങ്ങളുള്‍പ്പെടെ എല്ലാം മുറിയിലാവുകയും രാത്രി അന്തിയുറങ്ങുവാന്‍ ഇടം ഇല്ലാതെ വരുകയും ചെയ്തതോടെയാണ് ഇവര്‍ ചേര്‍ത്തല സ്റ്റേഷനില്‍ എത്തിയത്. എസ്.ഐ പി.പി.പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം ഇവരെയും കൂട്ടി വാടക വീട്ടില്‍ എത്തുകയും ഇവര്‍ക്ക് മറ്റെവിടെയെങ്കിലും വീട് കിട്ടുന്നതു വരെ രണ്ടുമാസത്തേക്കെങ്കിലും ഇറക്കിവിടരുതെന്ന് നിര്‍ദേശം നല്‍കുയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."