കേബിള്‍ വലിക്കുന്നതിന് അനുമതിക്കായി റിലയന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു
കാക്കനാട് : തൃക്കാക്കര നഗരസഭ പരിധിയില്‍ റിലയന്‍സ് കമ്പനി അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ വലിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അനുമതിക്കായി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ട് കഴിഞ്ഞ 16 മാസം കഴിഞ്ഞിട്ടും അജണ്ടയില്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ അംഗീകാരം നല്‍കാത്തതിനാലാണ് കമ്പനി കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നത്.
മുനിസിപ്പല്‍ പരിധിയില്‍ 8.7 കിലോമീറ്റര്‍ ചുറ്റളവില്‍ റിലയന്‍സ് കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്നത് വഴി നഗരസഭക്ക് മൂന്ന്‌കോടി പത്ത് ലക്ഷം രൂപയുടെ വരുമാനമാണ്
ലഭിക്കുന്നത്.അതേസമയം നാളത്തെ അടയന്തിര കൗണ്‍സില്‍ കേബിള്‍ വിഷയവും രണ്ട് കോടി പതിനാല് ലക്ഷത്തി ഇരുപത്തി ആറായിരം വരുമാനം ലഭിക്കുന്ന അദാനി ഗ്രൂപ്പിന്റെ സിറ്റി ഗ്യാസ് പദ്ധതിയും ചര്‍ച്ച ചെയ്ത് നഗരസഭ അനുമതി നല്‍കുമെന്നുമാണ് സൂചന.
അപേക്ഷ ലഭിച്ചാല്‍ സമയബന്ധിതമായി അതു പരിഗണിച്ച് അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുക്കാതെ ഫയല്‍ പിടിച്ചുവച്ചുള്ള കളികളാണു നഗരസഭയില്‍ നടക്കുന്നതെന്നു പരക്കെ ആക്ഷേപം വ്യാപകമാണ്.
റോഡ് കുഴിക്കാനുള്ള അപേക്ഷയില്‍ പൊതുമരാമത്തു വകുപ്പു സ്ഥിരം സമിതിയാണു തീരുമാനം എടുക്കേണ്ടത്. ഈ സമിതിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിക്കുകയും വേണം.
വൈസ് ചെയര്‍മാന്റെ ഇടപെടലിനെ തുടര്‍ന്ന് മുന്‍പ് ഈ വിഷയം സപ്ലിമെന്റ് അജണ്ടയില്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ കൊണ്ടു വരാന്‍ ശ്രമം നടത്തിയെങ്കിലും വിശദമായപഠനത്തിന് ശേഷം മാത്രം അനുമതി നല്‍കാന്‍ പാടുള്ളൂവെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വിഷയം അജണ്ടയില്‍ നിന്നും മാറ്റിയതെന്നു എന്നു പറയുന്നുണ്ടെങ്കിലും സി.പി.എം സി.പി.ഐ ചിലനേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും വിലപേശലുകളുടെ ഭാഗമായാണ് ഈ ഫയല്‍ പിടിച്ചുവയ്ക്കല്‍ എന്നാണ് പറയപ്പെടുന്നത് .
മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒഎഫ്‌സി കേബിളുകള്‍ ഇടുന്നതും മറ്റും ഒഴിവാക്കാനാവില്ല. കൗണ്‍സില്‍ അംഗീകരിക്കുന്ന നിരക്കുകള്‍ ചുമത്തി അനുമതി നല്‍കുകയോ അല്ലെങ്കില്‍ മതിയായ കാരണത്തോടെ അപേക്ഷ തള്ളുകയോ ആണു സ്വാഭാവികമായി നഗരസഭ ചെയ്യേണ്ടതെന്നും വൈസ്. ചെയര്‍മാന്‍ ഫ്രാന്‍സിസ് പറഞ്ഞു.
വന്‍ കിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പാലം പണിയാനും കെട്ടിടം നിര്‍മിക്കാനും അനുമതി നല്‍കിയത് കൗണ്‍സിലില്‍ പോലും ആലോചിക്കാതെയായിരുന്നു.
എന്നാല്‍ മൊബൈല്‍ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്ന വിഷയം കൗണ്‍സിലില്‍ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട തന്നെ അഴിമതിക്കാരനായിട്ടാണ് ചിത്രീകരിച്ചതെന്നും വൈസ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. നാളെ നടക്കുന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് റിലയന്‍സ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."