പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുന്ന ഉദ്യോഗസ്ഥരെ തടയും: കെ. മുരളീധരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുന്ന ഉദ്യോഗസ്ഥരെ തെരുവില്‍ തടയുമെന്ന് കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ. സര്‍ക്കാര്‍ നിയമ വിരുദ്ധമായി അനുമതി നല്‍കിയ ബ്രൂവറികളെയും ഡിസ്റ്റിലറികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ കളിയാക്കി ഐ.എ.എസ് ഉദ്യോഗസ്ഥരെ കൊണ്ടു സര്‍ക്കുലര്‍ ഇറക്കിക്കുന്നത് സര്‍ക്കാരിന്റെ തരംതാണ നടപടിയാണ്. ജനപ്രതിനിധികളെ പരിഹസിക്കാനും വിമര്‍ശിക്കാനും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. പ്രോട്ടോകോള്‍ പ്രകാരം കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുകളിലാണ്. സര്‍ക്കാരിനെതിരേ ആരോപണം ഉയരുമ്പോള്‍ പ്രതിപക്ഷ നേതാവിനെ മോശമായി ചിത്രീകരിക്കുന്ന പ്രക്രിയ തുടരാനാണ് ഭാവമെങ്കില്‍ നിയമപരമായി മാത്രമല്ല സംഘടനാപരമായും നേരിടും. അത്തരം ഉദ്യോഗസ്ഥരെ വഴിയില്‍ തടയുക മാത്രമല്ല ഓഫിസില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഘൊരാവോ ചെയ്യും. അത്തരം സാഹചര്യം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.
മദ്യ നയം മാറ്റിയപ്പോള്‍ പ്രതിപക്ഷം സമരത്തിന് പോയില്ല. അത് ദൗര്‍ബല്യമായി കണ്ടാണ് ബ്രൂവറികളും ഡിസ്റ്റിലറികളും സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, ഇതിനെതിരേ ഏതറ്റംവരെയും കോണ്‍ഗ്രസ് പോകും. ഇവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മാന്യനായ ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് മുഖ്യമന്ത്രിയും മന്ത്രിയും കക്കുന്നതിന് മൂകസാക്ഷിയായി കൂട്ടുനില്‍ക്കേണ്ട അവസ്ഥയിലാണ്. എലപ്പുള്ളിയിലെ കുടിവെള്ള ക്ഷാമം നിയമസഭയില്‍ ഉയര്‍ത്തിയ വി.എസ് അച്യുതാനന്ദനെ അപമാനിക്കാനാണ് കുടിവെള്ളത്തിന് പകരം ബിയര്‍ തരാമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."