കാലവര്‍ഷമെത്താന്‍ ഒരുനാള്‍ കൂടി; പ്രധാന റോഡുകളെല്ലാം കുളമാകും
കൊച്ചി: കാലവര്‍ഷമെത്താന്‍ ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാകുമെന്ന് ഉറപ്പായി.കോര്‍പ്പറേഷന്റെയും മെട്രോയുടെയും നേതൃത്വത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണിത്.
സ്ലാബ് മാറ്റി കാന ക്ലീന്‍ ചെയ്ത്, പൊട്ടിയിരിക്കുന്ന കാനകളുണ്ടെങ്കില്‍ പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. ടൈലൊട്ടിച്ച് നടപ്പാതയുടെ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. കെ.പി.സി.സി ജങ്ഷന്‍ വരെയുള്ള നിര്‍മാണപ്രവര്‍ത്തനം മെട്രോയും തുടര്‍ന്ന് തേവരവരെയുള്ള ഭാഗം കോര്‍പ്പറേഷനുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നാല് മാസം മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും ഇടയ്ക്ക് ട്രാഫിക് അടക്കമുള്ള പ്രശനങ്ങളെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു.
കരാര്‍ കാലാവധി അവസാനിച്ചെങ്കിലും പണി പൂര്‍ത്തിയാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. കാലവര്‍ഷമെത്തുന്നതോടെ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും നടക്കില്ല. കേബുളുകള്‍ കാനയില്‍കൂടി പോകുന്നതും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
മഴ പെയ്യുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ ഇവിടെ അറ്റകുറ്റപ്പണി നടത്തി വെള്ളം ഒഴുക്കിവിടാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷന്‍.
78 ലക്ഷം രൂപയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഇന്നലെ കോര്‍പ്പറേഷന്റെ 74 ഡിവിഷനുകളിലും മഴക്കാലപൂര്‍വശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു. വാതുരുത്തി കോളനിയില്‍ അമൃതാ മെഡിക്കല്‍ സംഘത്തിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാംപ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. 74 ഡിവിഷനുകളെ 22 സര്‍ക്കിളുകള്‍ക്ക്കീഴില്‍പെടുത്തിക്കൊണ്ടാണ് മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനവും മഴക്കാല പ്രവര്‍ത്തനവും ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിവിഷന്‍ കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ റെസിഡന്റസ്് അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.
ഓരോ ഡിവിഷനിലെയും ഏതെങ്കിലും ഒരു പ്രദേശത്താണ് ഇന്നലെ ഡ്രൈ ഡേ ആചരിച്ചത്. ഇനിയുള്ള മൂന്നുമാസക്കാലം ശുചീകരണപ്രവര്‍ത്തനവും മെഡിക്കല്‍ ക്യാംപുകളും തുടരും.
എന്നാല്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനത്തിനായി ഓരോ ഡിവിഷനിലും തുക അനുവദിച്ചെന്നും മഴക്കാലപൂര്‍വശുചീകരണപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുമ്പോഴും മിക്ക സ്ഥലങ്ങളിലും കാനയില്‍ നിന്ന് വാരിയെടുത്ത മാലിന്യങ്ങള്‍ റോഡരുകില്‍ കുന്നുകൂടികിടക്കുന്ന കാഴ്ചയാണ്.
പ്ലാസ്റ്റിക്കും ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്ന വസ്തുക്കളുമെല്ലാം തന്നെ ഇതിനോടകം പെയ്ത വേനല്‍മഴയില്‍ കാനകളിലെത്തി ഒഴുക്ക് നിലച്ച അവസ്ഥയാണ്. കാന കോരി വൃത്തിയാക്കുന്ന ജോലി പൂര്‍ണമായും ഒരു ഡിവിഷനില്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതിന് ഇതിനോടകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."