പാറ്റൂര്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ഒന്നരലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പാറ്റൂര്‍ കുടിവെള്ള പദ്ധതി ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു.
40 നദികളില്‍ കൂടുതലുള്ള കേരളം ഇന്ന് ജലക്ഷാമത്തിലാണ്. വരള്‍ച്ചയുടെ കെടുതി ഫലപ്രദമായി തടയാന്‍ ശ്രമച്ചതിനുള്ള ഗുണം ലഭ്യമായിട്ടുണ്ട്. കൃഷിക്ക് പലയിടത്തും പ്രതികൂലാവസ്ഥയായിരുന്നു. കുടിവെള്ളമെത്തിക്കാനാണ് മുന്‍ഗണന നല്‍കിയത്. ഇതാരു അനുഭവപാഠമായി എടുത്ത് വരുംകാലം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയണം. വെള്ളം നിസ്സാരമായി തള്ളിക്കളയരുത്. മഴക്കുഴികളിലൂടെ ഭൂമിയിലേക്കു വിടണം. ജലാശയങ്ങളും കിണറുകളും ജലസംഭരണികളും ശുദ്ധീകരിക്കണം. ഏതു ജലാശത്തിലെ വെള്ളവും കുടവെള്ളമാക്കിമാറ്റാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മാവേലിക്കര താലൂക്കില്‍പ്പെട്ട നൂറനാട്, ചുനക്കര, പാലമേല്‍, താമരക്കുളം എന്നീ നാലു പഞ്ചായത്തുകളിലെ ഏകദേശം 1.20 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ വേണ്ടി എല്‍.ഐ.സി. ധനസഹായത്തോടെ 2007 ല്‍ ആരംഭിച്ചതാണ് ഈ പദ്ധതി. മാവേലിക്കര താലൂക്കിലെ പല പ്രദേശങ്ങളും കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥിതിയുമായി ഏറെ അടുത്തുനില്‍ക്കുന്ന പ്രദേശങ്ങളാണ്. മുപ്പതിലേറെയിനം പച്ചക്കറികള്‍ എല്ലാകാലത്തും കൃഷിചെയ്തിരുന്ന ഓണാട്ടുകരയും പാലമേലും എല്ലാം ഇതില്‍പ്പെടുന്നു ജില്ലയിലെ മികച്ച ജൈവകാര്‍ഷിക മേഖലയായി പാലമേല്‍ ഇന്ന് മാറിക്കഴിഞ്ഞു. കൊടിയ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ ഓണക്കാലത്ത് കോടികള്‍ വിലമതിക്കുന്ന പച്ചക്കറിയാണ് ഇവിടെ നിന്ന് കയറ്റി അയച്ചതെന്നത് മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
ജലസുരക്ഷ ഓരോരുത്തരുടെയും ആവശ്യമായി കരുതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനം ഏറ്റെടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി മാത്യു ടി.തോമസ് അഭിപ്രായപ്പെട്ടു. ജലപദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ചിരുന്ന തുക നാലിലൊന്നായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ വര്‍ഷം ലഭിക്കുന്നത് 50 കോടി രൂപ മാത്രമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 4000 കോടി രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തു നടത്തുന്നത്. ഇവയില്‍ കാലതാമസം ഉണ്ടാകാതെ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., മുന്‍ എം.പി സി.എസ്. സുജാത, മുന്‍ എം.എല്‍.എമാരായ പി.കെ.കുമാരന്‍, കെ.കെ. ഷാജു, ആര്‍.രാജേഷ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം കെ.രാഘവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."