റോഹിംഗ്യകളെ തിരിച്ചയക്കുന്നത് രാജ്യാന്തര ഉടമ്പടിക്ക് വിരുദ്ധം
ലോകം മുഴുക്കെ റോഹിംഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയ റോഹിംഗ്യകളെ തിരിച്ചയക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്. അതിന്റെ മുന്നോടിയായിട്ടാണു കഴിഞ്ഞദിവസം ഏഴ് റോഹിംഗ്യന്‍ അഭയാര്‍ഥികളെ അസം അധികൃതര്‍ മണിപ്പൂര്‍ അതിര്‍ത്തിയില്‍വച്ച് മ്യാന്‍മര്‍ സൈന്യത്തിനു കൈമാറിയത്. കൈമാറ്റം ചെയ്യപ്പെട്ടവര്‍ ഇനിയെത്രകാലം ജീവിക്കുമെന്നറിയില്ല.
ആറുവര്‍ഷം മുന്‍പ് അഭയം തേടിയെത്തിയ ഏഴ് റോഹിംഗ്യകളെ അസം പൊലിസ് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. അവരെ തിരിച്ചുവിട്ടതു രാജ്യാന്തര ഉടമ്പടിക്കു വിരുദ്ധമാണെന്ന് യു.എന്‍ വംശീയവിഭാഗ പ്രതിനിധിയായ തെന്‍ഡായി അന്ന്യൂമെ പ്രതികരിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിക്കുകയും ചെയ്തു.
മാനവികതയും ജനാധിപത്യമതേതര ബോധവുമില്ലാത്ത സര്‍ക്കാരിനെ ഇത്തരം പരാമര്‍ശങ്ങള്‍ അലട്ടുമെന്ന് കരുതാനാവില്ല. അതിനാല്‍ അവര്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിശ്വസിക്കാനുമാകില്ല. സ്വന്തം രാജ്യത്ത് ജീവന് ഭീഷണി നേരിടുന്നവര്‍ അഭയം അഭ്യര്‍ഥിച്ചാല്‍ നല്‍കണമെന്നാണു രാജ്യാന്തരനിയമം. ഇന്ത്യ അത് ലംഘിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികളെ ഇവിടേക്കു സ്വാഗതം ചെയ്യുമ്പോഴാണിത്.
മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുവാന്‍ ഓരോ രാഷ്ട്രത്തിനും ബാധ്യതയുണ്ട്. ലിബിയ, സിറിയ, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍നിന്ന് കൂട്ടപ്പലായനം ചെയ്തവരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചതു മഹത്തായ മാനവികത ഉയര്‍ത്തിപ്പിടിച്ചായിരുന്നു. നാട്ടുകാരെവരെ വിദേശി മുദ്രകുത്തി പുറന്തള്ളാന്‍ അസമില്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്താണിതും സംഭവിക്കുന്നത്.
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുണ്ടായ ആക്രമണങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്ന മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാങ് സൂക്കിക്കു നേരത്തേ നല്‍കിയ പൗരത്വം കാനഡ റദ്ദാക്കി. സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ച വ്യക്തിയില്‍നിന്ന് പ്രതീക്ഷിക്കാത്തത് സൂക്കിയില്‍ നിന്നുനിന്നുണ്ടായതിനാലാണിത്. ലോകമൊട്ടാകെയുള്ള മനുഷ്യാവകാശസംഘടനകള്‍ സൂക്കിയുടെ നൊബേല്‍ തിരിച്ചെടുക്കണമെന്ന് ആവശ്യം ഉയര്‍ത്തുകയും ചെയ്തു. ഇതൊക്കെ ഇവിടത്തെ ബി.ജെ.പി സര്‍ക്കാരിന് പാഠമാകേണ്ടതാണ്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റ ജസ്റ്റിസ് ഗൊഗോയി മുന്‍പാകെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ പ്രശാന്ത് ഭൂഷണ്‍, റോഹിംഗ്യന്‍ അഭയാര്‍ഥികളെ ധൃതിപിടിച്ച് തിരിച്ചയക്കരുതെന്നാവശ്യപ്പെട്ടുള്ള ഹരജി നല്‍കിയെങ്കിലും ചീഫ് ജസ്റ്റിസ് ഹരജി മാറ്റിവച്ചു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളെ കഴിഞ്ഞ ദിവസമാണു ചീഫ് ജസ്റ്റിസ് നിര്‍ണയിച്ചത്. ഈ വിഷയം അടിയന്തരപ്രാധാന്യമുള്ളതായി ചീഫ് ജസ്റ്റിസിനു തോന്നിയില്ല!
ഇന്ത്യയിലും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സുരക്ഷിതരല്ല. ഗോരക്ഷകരെന്നു പറയപ്പെടുന്നവര്‍ അഭയാര്‍ഥികളുടെ ടെന്റുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാലും റോഹിംഗ്യന്‍ ജനതക്ക് രക്ഷയില്ല. അവര്‍ക്കു സൈനിക ഭരണകൂടം പൗരാവകാശം തിരിച്ചുനല്‍കുമെന്നതിന് ഒരുറപ്പുമില്ല. സഞ്ചാരസ്വാതന്ത്ര്യവും ജനനസര്‍ട്ടിഫിക്കറ്റും മ്യാന്‍മര്‍ സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കുന്നില്ല. അവരുടെ സ്വത്തിനോ ഭൂമിക്കോ അവകാശമുന്നയിക്കാന്‍ പറ്റാത്ത രീതിയിലാണ് മ്യാന്‍മര്‍ ഭരണകൂടം പുനരധിവാസപ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
സൈന്യവും തദ്ദേശീയ ബുദ്ധിസ്റ്റ് സംഘടനകളും ചേര്‍ന്നുണ്ടാക്കുന്ന ക്രൂരനിയമങ്ങള്‍ക്കെതിരേ സൂക്കി ശബ്ദിക്കുന്നില്ല. റാഖൈനിലെ ക്രൂരമായ വംശഹത്യയെ തുടര്‍ന്നു 5.89 ലക്ഷം മുസ്‌ലിംകളും 30,000 ഹിന്ദു മതസ്ഥരുമാണ് അവിടംവിട്ടോടിപ്പോയത്. ഇതില്‍ 70,000 പേര്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. അവരെ തിരിച്ചയക്കുകയെന്നത് ക്രൂരന്മാരായ മ്യാന്മര്‍ ഭരണകൂടത്തിന് മുന്‍പിലേക്ക് കൊല്ലപ്പെടുവാന്‍ എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം അശരണര്‍ക്ക് അഭയം നല്‍കുകയെന്നാണ് പഠിപ്പിച്ചത്. മഹിതമായ ആ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയാണു ഭരണകൂടത്തില്‍നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."