പൗരത്വപട്ടികയില്‍ പേരില്ലാത്തവരെ പുറത്താക്കില്ല; ഇന്ത്യയുടെ ഉറപ്പ് ലഭിച്ചെന്ന് ബംഗ്ലാദേശ്
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) പേര് ഉള്‍പ്പെടാത്തവരെ ഇന്ത്യയില്‍നിന്ന് പുറത്താക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് ലഭിച്ചതായി ബംഗ്ലാദേശ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയകാര്യ ഉപദേശകന്‍ ഹുസൈന്‍ തൗഫീഖ് ഇമാം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശൈഖ് ഹസീനക്ക് നരേന്ദ്രമോദി വ്യക്തിപരമായി ഉറപ്പുകൈമാറിയെന്നാണ് രാജ്യാന്തര മാധ്യമപ്രതിനിധികളുമായുള്ള അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞത്. എന്നാല്‍, ഉറപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
പൗരത്വപട്ടിക സംബന്ധിച്ച വിവാദങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. ഇന്ത്യാ വിഭജനമുണ്ടായ 1947ലെ സവിശേഷ സാഹചര്യങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ ഉന്നതപദവികളിലിരുന്നവര്‍ തന്നെ ഇന്ത്യയിലേക്കു പോയിട്ടുണ്ട്.
അവരെയെല്ലാം ഇപ്പോള്‍ ഇവിടെ കുടിയിരുത്തുകയെന്നത് അസാധ്യമാണെന്നും ഹസൈന്‍ കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഉന്നതനേതാവായിരുന്ന ഹുസൈന്‍, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയരൂപീകരണങ്ങളില്‍ വലിയ സ്വാധീനംചെലുത്താന്‍ കഴിവുള്ള വ്യക്തിയാണ്.
ഓഗസ്റ്റില്‍ പ്രഖ്യാപിച്ച എന്‍.ആര്‍.സിയില്‍നിന്ന് 40 ലക്ഷത്തോളം പേരാണ് പുറത്തായത്. എന്നാല്‍ ഇവര്‍ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."