തനിച്ച് മത്സരിക്കല്‍: മായാവതിയുടെ തീരുമാനം ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: മഹാസഖ്യ സാധ്യത തള്ളി ഒറ്റക്ക് മത്സരിക്കാനുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുടെ തീരുമാനം തങ്ങളെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്.
മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ പോരാടുമെന്നും സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയ മായാവതിയുടെ നീക്കം വോട്ട് ലഭ്യതയെ ബാധിക്കില്ലെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് തലവന്‍ കമല്‍ നാഥ് പറഞ്ഞു. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.പിക്ക് അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ക്ക് ആവശ്യപ്പെട്ടു. 2013ല്‍ മധ്യപ്രദേശില്‍ നടന്ന നിയമസഭാ അസംബ്ലിയില്‍ ബി.എസ്.പിക്ക് ലഭിച്ചത് 6.29 ശതമാനം വോട്ടുകളാണ്. അവിടെ മായാവതി ആവശ്യപ്പെട്ടത് 50 സീറ്റാണ്. ഇത് ഞങ്ങള്‍ക്ക് നേട്ടമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് തയാറെടുക്കുന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി മധ്യപ്രദേശിലും രാജസ്ഥാനിലും ഒറ്റക്ക് മത്സരിക്കുകയാണെന്ന് മായാവതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
സോണിയയും രാഹുലും സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്ക് അഹംഭാവമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
താജ് ഇടനാഴി കേസില്‍ തന്നെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ സുപ്രിംകോടതി വിധി തനിക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ബി.എസ്.പി സ്ഥാപക നേതാവ് കാന്‍ഷി റാമിന് ഭാരതരത്‌ന നല്‍കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് തള്ളിയിരുന്നതായും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."