ചാംപ്യന്‍സ് ലീഗ്: നെയ്മറിന് ഹാട്രിക്, മെസ്സിക്ക് ഡബിള്‍
പാരിസ്: കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍മഴ. എട്ട് മത്സരങ്ങളില്‍ നിന്നായി 26 ഗോളുകളാണ് പിറന്നത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയാണ്. നെയമറക്കമുള്ള സൂപ്പര്‍നിരയുമായി ഇറങ്ങിയ പി.എസ്.ജി 6-1 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ ക്ലബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ പരജയപ്പെടുത്തിയത്. ബ്രസീല്‍ താരം നെയ്മറിന്റെ മിന്നുന്ന ഹാട്രിക്കിന്റെ ബലത്തിലായിരുന്നു പി.എസ്.ജി വന്‍ ജയം സ്വന്തമാക്കിയത്. വ്യക്തമായ ആധിപത്യത്തോടെ കളിച്ച പി.എസ്.ജി 20-ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. ബോക്‌സിനുമുന്നില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് സുന്ദരമായ കിക്കിലൂടെ നെയ്മര്‍ വലയിലെത്തിച്ചതോടെ പി.എസ്.ജി ഒരു ഗോളിന്റെ ലീഡ് നേടി. ആദ്യ ഗോള്‍ വഴങ്ങി ശ്വാസം വിടും മുമ്പെ 22-ാം മിനുട്ടില്‍ നെയ്മറുടെയും പി.എസ്.ജിയുടെയും രണ്ടാം ഗോളും വന്നു. പന്തുമായി ബോക്‌സിലെത്തിയ എംബാപ്പെ നല്‍കിയ പാസില്‍ നിന്നായിരുന്നു നെയ്മറിന്റെ രണ്ടാം ഗോള്‍. റെഡ് സ്റ്റാര്‍ ഗോള്‍കീപ്പര്‍ക്ക് കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളു. 37-ാം മിനുട്ടില്‍ എഡിസണ്‍ കവാനിയും പി.എസ്.ജിക്കായി ലക്ഷ്യം കണ്ടു. 41-ാം മിനുട്ടില്‍ അര്‍ജന്റീനിയന്‍ താരം ഡി മരിയ ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ തന്നെ പി.എസ്.ജി നാലു ഗോളിന്റെ ലീഡ് നേടി. നാല് ഗോള്‍ വഴങ്ങിയതോടെ തളര്‍ന്ന റെഡ്സ്റ്റാറിനെ അടക്കിവാണായിരുന്നു പി.എസ്.ജി കളിച്ചത്. 70-ാം മിനുട്ടില്‍ എംബാപ്പെയും സ്‌കോര്‍ ചെയ്തതോടെ ലീഡ് അഞ്ചായി ഉയര്‍ന്നു. 81-ാം മിനുട്ടില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ നെയ്മര്‍ പി.എസ്.ജിക്കായി ആറാം ഗോളും സ്വന്തമാക്കി. 74-ാം മിനുട്ടില്‍ മാര്‍ക്കോ മരിന്റെ വകയായിരുന്നു റെഡ് സ്റ്റാറിന്റെ ആശ്വാസ ഗോള്‍. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഷാല്‍ക്കെ ലോക്കോമോട്ടീവ് മോസ്‌കോയെ പരാജയപ്പെടുത്തി. സമനിലയിലേക്ക് നീളുകയായിരുന്ന മത്സരത്തില്‍ 88-ാം മിനുട്ടില്‍ വെസ്റ്റോണ്‍ കെന്നിനാണ് വിജയ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ നാപോളിയോട് ഒരു ഗോളിന് പരാജയപ്പെട്ടു.
90-ാം മിനുട്ടില്‍ ഇറ്റാലിയന്‍ താരം ലോറന്‍സോ ഇന്‍സിഗെയാണ് ഗോള്‍ നേടിയത്. പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ എതിരില്ലാത്ത ഒരു ഗോളിന് ഗലാത്‌സറയെ തോല്‍പ്പിച്ചു. 49-ാം മിനുട്ടില്‍ മൂസ മെരേഗയാണ് ഗോള്‍ നേടിയത്. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാന്‍ 2-1 എന്ന സ്‌കോറിന് പി.വി.എസ് ഐന്തോവനെ പരാജയപ്പെടുത്തി. മിലാന് വേണ്ടി നൈങ്കോളനും മൗറോ ഇക്കാര്‍ഡിയും പി.എസ്.വിക്ക് വേണ്ടി പബ്ലോ റൊസാരിയോയും ഗോള്‍ നേടി. ഫ്രഞ്ച് ക്ലബായ മൊണോക്കോയെ ബെറൂസിയ ഡോര്‍ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജാക്കോബ് ലാര്‍സന്‍ (51), പാക്കോ അല്‍കാകര്‍ (72), മാര്‍ക്കോ റൂയിസ് (92) എന്നിവര്‍ ഡോര്‍ട്മുണ്ടിന് വേണ്ടി ഗോളുകള്‍ നേടി. ആവേശം നിറഞ്ഞ ടോട്ടനം-ബാഴ്‌സലോണ പോരാട്ടത്തില്‍ 4-2 എന്ന സ്‌കോറിന് ബാഴ്‌സലോണ ആധികാരിക ജയം സ്വന്തമാക്കി. രണ്ടാം മിനുട്ടില്‍ തന്നെ ബ്രസീലിയന്‍ താരം കുട്ടീഞ്ഞോയുടെ ഗോളോടെയായിരുന്നു ബാഴ്‌സയുടെ തുടക്കം. 28-ാം മിനുട്ടില്‍ ക്രോട്ട് താരം ഇവാന്‍ റാക്കിട്ടിച്ചും ബാഴ്‌സക്കായി ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ബാഴ്‌സ രണ്ട് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിക്ക് ശേഷം 52-ാം മിനുട്ടില്‍ ഹാരി കെയ്ന്‍ ഗോള്‍ തിരിച്ചടിച്ചു. 56-ാം മിനുട്ടില്‍ മെസ്സി ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. തുടര്‍ന്ന് 66-ാം മിനുട്ടില്‍ ലമേല ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ നേടി. 90-ാം മിനുട്ടില്‍ ലയണല്‍ മെസ്സി രണ്ടാം ഗോളും നേടി ബാഴ്‌സയുടെ ലീഡുയര്‍ത്തുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡ് 3-1 എന്ന സ്‌കോറിന് ക്ലബ് ബര്‍ഗയെ പരാജയപ്പെടുത്തി. അത്‌ലറ്റിക്കോക്ക് വേണ്ടി അന്റോയിന്‍ ഗ്രിസ്മാനാണ് രണ്ട് ഗോളുകള്‍ നേടിയത്. 93-ാം മിനുട്ടില്‍ കോക്കേയും അത്‌ലറ്റിക്കോക്കായി ഗോള്‍ നേടി. ക്ലബ് ബ്രഗിയുടെ ഏക ഗോള്‍ അരുണാത് ഡാന്‍ജുമാ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."