സ്കൂള്‍ യൂനിഫോം വിവാദം: എസ്.കെ.എസ്.എസ്.എഫ് സമരപ്രഖ്യാപനം താക്കീതായി
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യൂനിഫോം വിവാദവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ഇന്ന് വീണ്ടും പുനരാലോചനാ യോഗം നടത്തും. ഇന്നലെ നടന്ന സമരപ്രഖ്യാപനത്തിന്റെ ആദ്യഘട്ടമായി ഒരിക്കല്‍ക്കൂടി സ്കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും വിദഗ്ധ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഇന്നലെ വൈകീട്ട് സ്കൂള്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ വിദഗ്ധ സമിതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികളുടെ യൂനിഫോമിന്റെ ഫുള്‍ കൈ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടും ഈ വര്‍ഷം ആണ്‍കുട്ടികള്‍ക്ക് യൂനിഫോമിന്റെ ഫുള്‍കൈ നിരോധിച്ചതിലും ഹാഫ് കൈ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശത്തില്‍ രക്ഷിതാവ് ഒപ്പ് വെക്കാത്തതിനാല്‍ ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്നം വീണ്ടും എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുത്തത്. ഇന്ന് സ്കൂള്‍ അധികൃതര്‍ നടത്തുന്ന ചര്‍ച്ചയില്‍ എസ്.കെ.എസ്.എസ്.എഫ് വച്ച നിബന്ധനകള്‍ പരിഗണിക്കാതിരിക്കുകയോ തീരുമാനം തൃപ്തികരമാകാതിരിക്കുകയോ ചെയ്താല്‍ നിയമ നടപടികള്‍ തുടരാനും സമര പ്രഖ്യാപന കണ്വന്ഷന് തീരുമാനിച്ചു. സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ചെട്ടിപ്പടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ സമര പ്രഖ്യാപനം നടത്തി. സയ്യിദ് ഹുസൈന് തങ്ങള്‍ ജമലുല്ലൈലി, എന്‍ കുഞ്ഞിപ്പോക്കര്, വി.പി കോയഹാജി, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, ഉമറുല്‍ഫാറൂഖ് ഹുദവി, മുഹമ്മദലി ചെമ്മാട്, സുലൈമാന്‍ ഫൈസി കൂമണ്ണ, എം.വി ബാവഹാജി പുത്തരിക്കല്‍, ശരീഫ് ചുഴലി, എന്‍.പി ബാവ ചെട്ടിപ്പടി, കെ.എസ് സൈതലവി, കെ.പി നാസര്‍ സദ്ദാംബീച്ച്, സൈതലവി ഫൈസി, ശിഹാബ് ചുഴലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."