മഞ്ഞപ്പട ഇന്നിറങ്ങും സ്വന്തം തട്ടകത്തില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ അഞ്ചിലെ ആദ്യഹോം മാച്ചിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടാനൊരുങ്ങുന്നത്. ആദ്യ ഹോം മത്സരത്തില്‍ ഇന്ന് വൈകിട്ട് 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം കൊമ്പന്മാര്‍ക്ക് വേണ്ടി മഞ്ഞക്കടലായി മാറുമെന്നുറപ്പ്. സീസണിലെ ആദ്യ മത്സരം തന്നെ ജയിച്ചതിനാല്‍ ആരാധകരും ആവേശത്തിലാണ്.
കേരള ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞ നാല് സീസണുകളില്‍ രണ്ടാം സീസണില്‍ മാത്രമെ വിജയത്തോടെ തുടങ്ങുവാന്‍ കഴിഞ്ഞിട്ടുള്ളു. അതും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലാണ് അന്ന് ജയം നേടിയതും. എന്നാല്‍ ഇത്തവണ എതിരാളികളുടെ ഗ്രൗണ്ടിലായിരുന്നു ആദ്യ ജയം ആഘോഷിച്ചത്. ടീമിനെക്കുറിച്ച് ആരാധകരുടെ പ്രതീക്ഷയുടെ ഗ്രാഫ് ഉയരുന്നതും അതുകൊണ്ടു തന്നെയാണ്.
മുന്‍വര്‍ഷങ്ങളേക്കാള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യ, മുന്നേറ്റ നിര മികച്ച ഒത്തിണക്കം കാട്ടിയതാണ് ടീമിന് മികച്ച റിസല്‍ട്ട് കിട്ടാന്‍ കാരണമായത്.
മുന്നേറ്റനിരയില്‍ സെര്‍ബിയന്‍, സ്ലോവേനിയന്‍ താരങ്ങളായ സ്‌റ്റൊയനോവിച്ചും പോപ്ലാട്‌നിക്കുമായിരിക്കും എതിരാളികളുടെ നോട്ടപ്പുള്ളികള്‍. കഴിഞ്ഞ കളിയില്‍ ഇരുവരും ഗോളടിച്ച് മികച്ച ഫോമിലായിരുന്നു. എങ്കിലും ലൈനപ്പില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. കൊച്ചിയിലാണ് കളിയെന്നതുകൊണ്ട് സി.കെ വിനീതിനെ ആദ്യ ഇലവനില്‍ ഇറക്കിയേക്കും. യുവത്വം നിറഞ്ഞതാണ് ഇത്തവണത്തെ ടീം എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യേകത. മൂന്നുപേര്‍ മാത്രമാണ് 30 കടന്നവര്‍. ടീമിന്റെ ശരാശരി പ്രായം 23 ആണ്. ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ പ്രതിരോധത്തില്‍ ഫ്രഞ്ച് താരം സിറില്‍ കാലിയുണ്ടാവില്ല. സന്ദേശ് ജിങ്കന്‍ നെടുനായകത്വം വഹിക്കുന്ന പ്രതിരോധക്കോട്ടയില്‍ മുഹമ്മദ് ഹാകിപ്, നെമന്‍ജ പെസിച്ച്, ലാല്‍റുവാത്താര എന്നിവരായിരിക്കും കഴിഞ്ഞ കളിയിലെപോലെ അണിനിരക്കുക. പ്രതിരോധത്തിനു തൊട്ടുമുന്നിലായി ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി സെര്‍ബിയന്‍ താരം നിക്കോള ക്രമാറിച്ച് ഇറങ്ങും.
ക്രമാറിച്ചിന് തൊട്ടുമുന്നിലായി സെയ്മിന്‍ലെന്‍ ദുംഗല്‍, ഹാലിചരണ്‍ നര്‍സാരി, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ക്കൊപ്പം മറ്റൊരു സെര്‍ബിയന്‍ താരമായ സ്ലാവിസ സ്‌റ്റൊയനോവിച്ചും ഇറങ്ങാനാണ് സാധ്യത. സ്‌ട്രൈക്കറടെ റോളില്‍ സ്ലൊവേനിയന്‍ താരമായ പോപ്ലാട്‌നിക്കും ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ്ങും ഉറപ്പാണ്.
കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ, ദീപേന്ദ്ര നേഗി, ലോകന്‍ മെയ്‌തേയി, മലയാളി താരം കെ. പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ എന്നിവരടങ്ങുന്ന പകരക്കാരുടെ നിരയും കരുത്തുറ്റതാണ്.
സ്വന്തം തട്ടകത്തില്‍ ജംഷഡ്പുര്‍ എഫ്.സിയോട് 2-0ന് തോറ്റാണ് മുംബൈ സിറ്റി എഫ്.സി ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കൊച്ചിയിലെത്തിയിരിക്കുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും ആശിക്കാത്ത മുംബൈക്കിത് കടുത്ത മത്സരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."