ആവശ്യത്തിന് ഡോക്ടര്‍മാരില്ല; കൊടുവള്ളി സി.എച്ച്.സിയില്‍ രോഗികള്‍ ദുരിതത്തില്‍
കൊടുവള്ളി: ദിനംപ്രതി മുന്നൂറിലധികം രോഗികള്‍ ചികിത്സയ്ക്കെത്തുന്ന കൊടുവള്ളി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ കുറവുമൂലം താളംതെറ്റുന്നു. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ഏഴ് ഡോക്ടര്‍മാരെങ്കിലും വേണ്ട സ്ഥാനത്തു നിലവില്‍ മൂന്നു പേരാണുള്ളത്. ഇതില്‍ തന്നെ ചില ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതും എത്താന്‍ വൈകുന്നതും മൂലം അതിരാവിലെ എത്തുന്ന പ്രായംചെന്ന രോഗികള്‍പോലും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 വരെ ഒരു ഡോക്ടറാണു രോഗികളെ പരിശോധിക്കാന്‍ ആശുപത്രിയിലുണ്ടായിരുന്നതെന്നു ചികിത്സയ്ക്കെത്തിയവര്‍ പറഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്ന് അവശരായ സ്ത്രീകളടക്കമുള്ളവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ഒരു മണിയോടെയാണു രണ്ടാമത്തെ ഡോക്ടര്‍ പരിശോധനയ്ക്കെത്തിയത്. ഇന്നലെ മെഡിക്കള്‍ ഓഫിസര്‍ അവധിയിലുമായിരുന്നു.
സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കാതെ പ്രശ്നത്തിനു പരിഹാരമാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു ഡോക്ടര്‍ ഒരു ദിവസം തുടര്‍ച്ചയായി 150ഓളം രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണു നിലവിലുള്ളത്. ഇതിനിടെ ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ യോഗങ്ങളിലും കമ്മ്യൂനിറ്റി അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഡോക്ടര്‍മാര്‍ക്കു പങ്കെടുക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഡ്യൂട്ടിയിലുള്ളവര്‍ അവധിയെടുക്കുകയോ എത്താന്‍ വൈകുകയോ ചെയ്താല്‍ രോഗികള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. ഇതു ജോലിയിലുള്ള അലംഭാവമാണെന്നു വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പുതിയ പകര്‍ച്ചരോഗങ്ങള്‍ നാടുമുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്റ്റാഫ് പാറ്റേണ്‍ അടിയന്തരമായി പരിഷ്കരിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ ജോലിക്കാരെയും നിയമിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."