തിരിച്ചു വരവിനൊരുങ്ങി മാനന്തവാടി പഴശ്ശി പാര്‍ക്ക്
മാനന്തവാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും എന്നാല്‍ വര്‍ഷങ്ങളായി നാശോന്‍ മുഖവുമായി കിടക്കുകയുമായിരുന്ന കബനി പുഴയരികില്‍ സ്ഥിതി ചെയ്യുന്ന മാനന്തവാടി പഴശ്ശി പാര്‍ക്ക് തിരിച്ച് വരവിന്റെ പാതയില്‍.
സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നിര്‍മിച്ച പാര്‍ക്ക് 1994 ലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയത്. കുട്ടികളുടെ പാര്‍ക്ക്, ബോട്ടിങ്, മരങ്ങളും മുളകളും എല്ലാം നിറഞ്ഞ് പുഴ തീരത്ത് പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ നിത്യേന നിരവധി വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. പ്രതിദിനം ശരാശരി 1000 ത്തോളം പേര്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു അവധി ദിവസങ്ങളില്‍ ഇത് ഇരട്ടിയിലധികം ആളുകള്‍ സന്ദര്‍ശിക്കുകയും ഡി.ടി.പി.സിക്ക് നല്ലൊരു തുക വരുമാനമായി ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ക്ക് നാശത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. 2014ല്‍ പാര്‍ക്ക് പൂര്‍ണമായും അടച്ച് പൂട്ടുകയും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കുകയുമായിരുന്നു.പാര്‍ക്കിന്റ പുനരുദ്ധാരണത്തിനായി പല പദ്ധതികളും തദ്ദേശസ്വയംഭരണ വകുപ്പുകളും ഡി.ടി.പി.സിയുമെല്ലാം കൊണ്ട് വന്നെങ്കിലും ഇതെല്ലാം ഫയലുകളില്‍ ഉറങ്ങുകയായിരുന്നു.
സംസ്ഥാന ടുറിസം വകുപ്പ്, നിര്‍മിതി എന്നിവയെല്ലാം കൈ കോര്‍ത്ത് കോണ്ടാണ് പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ബോട്ടിങ്ങിനായുള്ള പെഡല്‍, റോ വിംങ്ങ് ബോട്ടുകള്‍ പൂക്കോട് എത്തി കഴിഞ്ഞു, ആവശ്യമായ ലൈഫ് ജാക്കറ്റുകളും പാര്‍ക്കില്‍ എത്തിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ചിലവഴിച്ച് ഇന്റര്‍ലോക്ക്, പാര്‍ക്കിങ് ഗ്രൗണ്ട്, കോഫീ ഷോപ്പ്, ടിക്കറ്റ് കൗണ്ടര്‍, ഓഫിസ് ബില്‍ഡിങ് എന്നിവയാണ് സജ്ജീകരിക്കുന്നത്. നിര്‍മിതിയുടെ 33 ലക്ഷം രൂപ ഉപയോഗിച്ച് കുട്ടികളുടെ പാര്‍ക്ക്, കുട്ടികള്‍ക്ക് കളിക്കാനായുള്ള ഉപകരണങ്ങള്‍, ബോട്ട് ജെട്ടി നവീകരണം പാര്‍ക്ക് മനോഹരമാക്കുന്നതിനുള്ള ലാന്റ് സെക്കെയ്പ്പ്, പുന്തോട്ടം എന്നിവ ഒരുക്കും, ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ള അഞ്ച് കോടി രൂപയില്‍ ആദ്യഘട്ടമായി ലഭിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പാര്‍ക്ക് മുഴുവന്‍ ദീപാലംകൃതമാക്കും ഇതോടെ രാത്രി 10 മണി വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കും ഇത് നഗരത്തിലെ നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമായി മാറും.
കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. നാല് ഡി.ടി.പി.സി ജീവനക്കാരും മൂന്ന് താല്‍ക്കാലിക ജീവനക്കാരുമാണ് പാര്‍ക്കില്‍ സേവനമനുഷ്ട്ടിക്കുന്നത്.
പ്രവര്‍ത്തികള്‍ ധ്രുത ഗതിയില്‍ പുരോഗമിക്കുകയാണ് നവംമ്പര്‍ ആദ്യവാരത്തോടെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി.ടി.പി.സി മെമ്പര്‍ സെക്രട്ടറി ബി ആനന്ദ് പറഞ്ഞു.
പാര്‍ക്കിന്റെ നവീകരണം യാഥാര്‍ഥമാകുന്നതോടെ ജില്ലയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ ഒരു കാല്‍വെപ്പായി പഴശ്ശി പാര്‍ക്ക് മാറും. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലക്ക് ബദലായി ടൂറിസം മേഖലയെ വളര്‍ത്തിയെടുക്കുക എന്ന സര്‍ക്കാരന്റെ നയ പരിപാടികളുടെ ഭാഗമായി കൂടിയാണ് പഴശ്ശി പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."