അയ്യൂബിന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ തോറ്റുപോവുകയാണ്....
കോഴിക്കോട്: അയ്യൂബിന്റെ സത്യസന്ധതയ്ക്കു മുന്നില്‍ തോറ്റുപോവുകയാണ് നാം. പ്രളയകാലത്തെ നാലുദിവസവും അയ്യൂബ് ദുരിതാശ്വാസ ക്യാംപിലായിരുന്നു. തുടര്‍ന്ന് പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം 10,000 രൂപ അയ്യൂബിനെ തേടി വന്നപ്പോള്‍ തന്റെ നഷ്ടം മാത്രമെടുത്ത് ബാക്കി തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് മാതൃകയാവുകയായിരുന്നു ഈ യുവാവ്. തന്റെ നഷ്ടമായ 1585 രൂപ എടുത്ത് ബാക്കിവന്ന 8,415 രൂപ സ്റ്റേറ്റ് ബാങ്കിന്റെ പാവങ്ങാട് ശാഖ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. ഇതിന്റെ രസീത് ഇന്നലെ അയ്യൂബ് ജില്ലാ കലക്ടര്‍ യു.വി ജോസിനു കൈമാറി.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ പി.വി അയ്യൂബ് ഭാര്യ ഷമീനക്കും രണ്ടു മക്കള്‍ക്കുമൊപ്പം കണ്ടംകുളങ്ങരയിലെ ഒറ്റമുറി വാടകവീട്ടിലാണിപ്പോള്‍ താമസം. ഇക്കഴിഞ്ഞ പ്രളയത്തില്‍ ഈ വീട്ടിലും വെള്ളം കയറി. തൊട്ടടുത്ത പള്ളിയിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി. വെള്ളമിറങ്ങി തിരിച്ചെത്തിയപ്പോള്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കില്‍ വെള്ളംകയറിയാണ് നാശനഷ്ടമുണ്ടായത്. ബൈക്ക് നന്നാക്കിയപ്പോള്‍ 1,585 രൂപയും ചെലവായി. ഈ പണം മാത്രമാണ് അയ്യൂബ് നഷ്ടപരിഹാര തുകയില്‍ നിന്ന് എടുത്തത്.
പെയിന്റിങ് ജോലി ചെയ്തിരുന്ന അയ്യൂബ് പണിയില്ലാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ പള്ളിയിലും മദ്‌റസയിലും ക്ലീനിങ് ജോലി ചെയ്താണു കുടുംബം പുലര്‍ത്തുന്നത്. അയ്യൂബിന്റെ മഹാമനസ്‌കതയെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."