കുടിവെള്ള പദ്ധതിക്ക് നാണക്കേടായി അഴിമതിയാരോപണം
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പേരില്‍ കോടികളുടെ അഴിമതി നടന്നതായി ആരോപണം. പദ്ധതി യാഥാര്‍ഥ്യമാവാത്തതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ഇരുമുന്നണികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നുമാണ് ആരോപണം. കരാര്‍ പ്രകാരം 2000-ല്‍ കമ്മിഷന്‍ ചെയ്യേണ്ട പദ്ധതി 2003ല്‍ കമ്മിഷന്‍ ചെയ്‌തെങ്കിലും പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമായില്ല. കമ്മിഷന്‍ ചെയ്ത ശേഷം ലഭിച്ച 13479 അപേക്ഷകള്‍ ഇപ്പോള്‍ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
17 വര്‍ഷം കൊണ്ട് 41 കോടി രൂപയാണ് വിവിധ സര്‍ക്കാര്‍ ഇതിനായി ചെലവിട്ടത്. പദ്ധതികളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കുടി വെള്ള പദ്ധതിയായ ചീക്കോട് കുടിവെള്ള പദ്ധതിയുടെ സമാന കാലത്താണ് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയും ആരംഭിച്ചത്. രണ്ടു പദ്ധതിയും കാലദൈര്‍ഘ്യം മൂലം അവശേഷിച്ചു. 1990കളില്‍ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വി.പി രാമകൃഷ്ണപിള്ള ജല വിഭവ മന്ത്രിയായിരിക്കേയാണ് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ തുടക്കം.
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ വിവിധ മേഖലകളെ പ്രത്യേകിച്ച് വിതരണ ശൃംഖലയുടെ പ്രവൃത്തികളെ കേന്ദ്രീകരിച്ചാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. 242 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശങ്ങളില്‍ പൈപ്പ് സ്ഥാപിക്കല്‍ ബാക്കിയായി തുടരുന്നതില്‍ അഴിമതി മണക്കുന്നതായാണ് ആരോപണം. ഉദ്യോഗസ്ഥ അഴിമതിയെന്ന പതിവ് വിമര്‍ശനങ്ങള്‍ക്കു പുറമേ, പൈപ്പുകള്‍ വാങ്ങിയതിലും സ്ഥാപിച്ചതിലുമടക്കം അഴിമതി നടന്നെന്ന് സി.പി.എം മങ്കട ഏരിയ കമ്മിറ്റി ആരോപിച്ചു. കുഴിച്ചിട്ട പൈപ്പുകള്‍ വിവിധ സ്ഥലങ്ങളില്‍ ഇടക്കിടെ പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നതാണ് പൊതുജനങ്ങള്‍ക്കു സംശയത്തിനിട നല്‍കിയത്.
ഡ്യൂപ്ലിക്കറ്റ് പൈപ്പുകളാണ് പദ്ധതിക്കായി ഉപയോഗിച്ചതെന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ കുഞ്ഞുമോന്‍ പറയുന്നു. ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ളപദ്ധതിക്കു വേണ്ട ഗുണ നിലവാരം പൈപ്പുകള്‍ക്കില്ലെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതി രണ്ടര പതിറ്റാണ്ടോളം കാലം നീട്ടി കൊണ്ടുപോയതില്‍ സി.പി.ഐ മങ്കട ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്രയും കാലാവധി നീണ്ട പദ്ധതി മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയല്ലാതെ മറ്റൊന്നുണ്ടാവില്ലെന്നു എ.ഐ.വൈ.എഫ്.ജില്ലാ സെക്രട്ടറി പി.ടി ഷറഫുദ്ദീന്‍ പറഞ്ഞു.
അഴിമതിക്ക്
സാധ്യതയില്ലെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികളില്‍ ഉദ്യോഗസ്ഥ അഴിമതിയുടെ സാധ്യത വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിഷേധിച്ചു. പൈപ്പ് തകര്‍ന്നുവെന്ന ആരോപണവും അവര്‍ തള്ളി. മുന്തിയ ഇനം പൈപ്പുകളാണ് സ്ഥാപിച്ചത്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ച്ച ഒരിടത്തും ഉണ്ടായിട്ടില്ലെന്നും നോണ്‍ റിട്ടേണ്‍ വാള്‍വുകളിലെ ക്വാളിറ്റി കുറവു മാത്രമാണ് ജലം പൊട്ടി ഒഴുകാന്‍ നിമിത്തമായതെന്നും ഇത് ഹൈപ്പവര്‍ ടെന്‍ഷനില്‍ വൈദ്യുതി സ്തംഭിക്കുമ്പോള്‍ സാധാരണമാണെന്നും അവര്‍ പ്രതികരിച്ചു. പൈപ്പുകള്‍ വാങ്ങിയതിലോ സ്ഥാപിച്ചതിലോ അഴിമതിയുടെ സാധ്യതയില്ല.
പൈപ്പുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതല്ല. പൈപ്പ് വാങ്ങുന്നതിനു കരാറുകാരനു പ്രവൃത്തിക്ക് നിര്‍ദേശം നല്‍കിയാല്‍ വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് പൈപ്പുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എടുക്കുന്നത്. ഒന്നര വര്‍ഷത്തെ ഗ്യാരന്റിയാണ് പൈപ്പുകള്‍ക്കുള്ളത്. ഇതിനിടയില്‍ പൈപ്പ് പൊട്ടിയാല്‍ കരാറുകാര്‍ ബാധ്യസ്ഥരാകും.
ഈ പരിശോധനയില്‍ ഉറപ്പു ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പൈപ്പ് വാങ്ങുന്നത്. പൈപ്പിന്റെ ഗുണ നിലവാരം പരിശോധിക്കാനെത്തുന്നവരെ ആര്‍ക്കും മനസിലാക്കാനാവില്ല. അതു കൊണ്ട് തന്നെ നിലവാരമില്ലാത്ത പൈപ്പുകളുടെ സാധ്യത തീരെ ഇല്ലെന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ടെന്‍ഡര്‍ എടുത്ത ശേഷം തുക വര്‍ധിപ്പിക്കാറില്ലെന്നും അതികൃതര്‍ പറഞ്ഞു.
തുടരും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."