കൊറോണ വാക്സിൻ സ്വീകരിച്ച് സഊദി കിരീടവകാശിയും
റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊറോണ വാക്സിൻ സ്വീകരിച്ചു. ഔദ്യോഗിക വാർത്താ ഏജൻസിയായ സഊദി പ്രസ്സ് ഏജൻസി കിരീടവകാശി വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടു. സഊദി മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് കിരീടവകാശി വാക്സിൻ സ്വീകരിക്കുന്ന വാർത്ത ചിത്രം സഹിതം പ്രസിദ്ധീകരിച്ചത്.
മികച്ച സേവനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വാക്സിനുകൾ നൽകാനുള്ള കിരീടവകാശിയുടെ താൽപ്പര്യവും അതിന് പിന്നിൽ നടത്തുന്ന പിന്തുണക്കും സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ കിരീടവകാശിക്ക് നന്ദി പറഞ്ഞു.
നിലവിൽ തലസ്ഥാന നഗരിയായ റിയാദിന് പുറമെ ജിദ്ദയിലായാണ് വാക്സിൻ വിതരണം പുരോഗമിക്കുന്നത്. കിഴക്കൻ പ്രാവിശ്യയിൽ അടുത്ത ദിവസങ്ങളിൽ വാക്സിൻ വിതരണം ആരംഭിക്കും. ഇതിനകം അഞ്ചു ലക്ഷത്തിലധികം ആളുകൾ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യുകയും പതിനായിരത്തിലധികം ആളുകൾ വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം, രാജ്യത്ത് കൊറോണ വാക്സിൻ സ്വീകരിച്ചവരെല്ലാം പൂർണ്ണ ആരോഗ്യവാന്മാരാണെന്നും ആരും അപ്രതീക്ഷിത ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇഞ്ചക്ഷനെടുത്ത സ്ഥലത്തെ വേദന, മസിൽ വേദന, ക്ഷീണം, തല വേദന, പനിയും വിറയലും , അസ്വാസ്ഥ്യം എന്നിവയാണു ഫൈസർ കൊറോണ വാക്സിൻ സ്വീകരിക്കുന്നവരുടെ ശരീരത്തിൽ അനുഭവപ്പെട്ടേക്കാവുന്ന പാാർശ്വഫലങ്ങളെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."