വാരാമ്പറ്റയിലെ മൂന്നുപേരുടെ മരണം; പൊട്ടാസ്യം സയനേഡെന്ന് സൂചന
മാനന്തവാടി: വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ വില്ലന്‍ പൊട്ടാസ്യം സയനേഡെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലിസ് കസ്റ്റഡിയിലാണെന്നും സൂചന. അച്ഛനും മകനും ബന്ധുവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
വെള്ളമുണ്ട വാരാമ്പറ്റ കാവുംകുന്ന് പുലയ കോളനിയിലെ തികനായിക്ക്(65), മകന്‍ പ്രമോദ്(35), തിക്ന്നായിയുടെ സഹോദരിയുടെ മകന്‍ പ്രസാദ്(40) എന്നിവരാണ് ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയുമായി മരിച്ചത്.
മാനന്തവാടിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ സ്വര്‍ണ പണിക്കാരനില്‍ നിന്നാണ് മാനന്തവാടിയില്‍ തന്നെയുള്ള മറ്റൊരാള്‍ മദ്യം വാങ്ങിയത്.
കേരളത്തില്‍ വില്‍പ്പന ഇല്ലാത്ത തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലെ ശെങ്കോടൈ ആസ്ഥാനമായ ഡിസ്റ്റലറിയില്‍ നിര്‍മിച്ച 1848 അരിസ്‌റ്റോക്രാറ്റ് 375 മില്ലി ലിറ്ററിന്റെ മദ്യമാണ് മൂവരും കഴിച്ചത്.വടകരയില്‍ നിന്നാണ് മദ്യം വാങ്ങിച്ചതെന്നാണ് കസ്റ്റഡിയില്‍ ഉള്ളവര്‍ മൊഴി നല്‍കിയതെന്നാണ് സൂചന.
മന്ത്രവാദ പ്രവര്‍ത്തികള്‍ നടത്തുന്ന തികനായിക്ക് ചികിത്സക്കെത്തിയ യുവാവാണ് മദ്യം നല്‍കിയത്. കഴിച്ച ഉടന്‍ തന്നെ കുഴഞ്ഞ് വീണ തിക്ന്നായിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരിക്കുകയായിരുന്നു.
ഹൃദയ രോഗിയായതിനാല്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് കരുതി ബുധനാഴ്ച രാവിലെ സംസ്‌ക്കരിക്കാനിരിക്കെയാണ് മറ്റ് രണ്ടുപേരും രാത്രിയോടെ ഈ മദ്യം സേവിക്കുകയും മരിക്കുകയും ചെയ്ത്.
സയനൈഡ് മദ്യത്തില്‍ കലര്‍ത്തി നല്‍കിയതായാണ് സൂചനയെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടാണ് പൊലിസ് സ്വീകരിച്ചിരിക്കുന്നത്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."