കൊല്ലത്തിന്റെ ആഘോഷമായി മത്സ്യോത്സവം; പ്രദര്‍ശനം ഇന്നുകൂടി
കൊല്ലം: മത്സ്യമേഖലയുമായി ബന്ധപ്പെട്ട വേറിട്ട കാഴ്ച്ചകളും അറിവുകളും രുചികളും ഒരു കുടക്കിഴിലാക്കിയ മത്സ്യോത്സവം കൊല്ലം നഗരത്തിന്റെ ആഘോഷമായി മാറി. രണ്ടാം ദിവസമായ ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരംവരെ പ്രദര്‍ശനത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. പ്രദര്‍ശനം ഇന്ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
അലങ്കാര മത്സ്യങ്ങളുടെയും വളര്‍ത്തു മത്സ്യങ്ങളുടെയും നൂതന മത്സ്യകൃഷി രീതികളുടെയും പ്രദര്‍ശനം കാണാനും മൂല്യ വര്‍ധിത മത്സ്യോല്‍പന്നങ്ങള്‍ വാങ്ങുന്നതിനും മത്സ്യവിഭവങ്ങളുടെ രുചിയറിയുന്നതിനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ പീരങ്കി മൈതാനിയിലെത്തുന്നുണ്ട്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സാഫ് ഗ്രൂപ്പുകളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്.
സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ), കേരള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഏജന്‍സി(ഫിര്‍മ), ജലകൃഷി വികസന ഏജന്‍സി(അഡാക്) തുടങ്ങിയവയുടെ സ്റ്റാളുകള്‍ കേട്ടറിവിലുള്ള മത്സ്യങ്ങളെ നേരിട്ടു കാണുന്നതിന് അവസരമൊരുക്കുന്നു.
മത്സ്യഫെഡിന്റെ സ്റ്റാളില്‍ ഫിഷ് പുട്ട്, പ്രോണ്‍ പുട്ട്, മീന്‍ ദോശ, ഫിഷ് കട്‌ലറ്റ് തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങള്‍ സന്ദര്‍ശകരെ പുതിയ രുചി അറിയിക്കുന്നു.
സാഫിന്റെ തീരമൈത്രി ഭക്ഷണശാലയിലെ വിപുലശേഖരത്തില്‍ ഞണ്ട്, കല്ലുമ്മേക്കായ,കണവ തുടങ്ങിയ വിഭവങ്ങളുമുണ്ട്. മത്സ്യം ഉപയോഗിച്ച് തയ്യാറാക്കിയ സ്‌നാക്‌സ് ഇനങ്ങളാണ് തീരദേശ വികസന കോര്‍പറേഷന്റെ ഫിഷ്‌മേഡ് ബ്രാന്‍ഡ് സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നത്. ഫിഷ് ലോലിപ്പോപ്പ്, ഫിഷ് റോള്‍, ബര്‍ഗര്‍, സമൂസ, കട്‌ലറ്റ് തുടങ്ങി പത്തിനങ്ങളാണ് ഇവിടെയുള്ളത്. ഇതിനുപുറമെ ഏഴിനം അച്ചാറുകളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മത്സ്യകൃഷി വികസന ഏജന്‍സി, പത്തനംതിട്ട, കൊല്ലം ഫിഷറീസ് വകുപ്പ് ഓഫീസുകള്‍, ആത്മ എന്നിവയും മേളയിലുണ്ട്കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സ്റ്റാളിലെത്തുന്നവര്‍ക്ക് ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിംഗ് ജോലികള്‍ നേരിട്ട് കാണാനും ഗുണനിലവാരമുള്ള കശുവണ്ടി സ്വന്തമാക്കാനും അവസരമുണ്ട്. നാടന്‍ തോട്ടണ്ടിയുടെ ഏഴു ഗ്രേഡുകളാണ് കാപ്പെക്‌സ് സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."