നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത യാഥാര്‍ഥ്യമാകണം
കല്‍പ്പറ്റ: മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വെ ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്തയോഗം മൈസൂരില്‍ ചേര്‍ന്നു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഭാവി കര്‍മപരിപാടികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. റയില്‍പാത അനുവദിക്കുന്നതിന് കര്‍ണ്ണാടകയിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സുകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയുടെ വാണിജ്യ വ്യവസായ വികസനത്തിന് ബംഗളൂരുവിനെയും മൈസൂരിനേയും കൊച്ചി തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത വലിയ പങ്ക് വഹിക്കും. ബംഗളൂുവില്‍നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന റയില്‍ ഇടനാഴിയാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ ഭാഗം പൂര്‍ത്തിയാവുന്നതോടെ സാധ്യമാവുക.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ പരിസ്ഥിതി പ്രാധാന്യവും യോഗം ചര്‍ച്ച ചെയ്തു. മൈസൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വന്യയുടെ പ്രതിനിധി പ്രവീണും യോഗത്തില്‍ പങ്കെടുത്തു. ഈ റയില്‍പാത പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും റോഡുകളില്‍നിന്ന് ആയിരക്കണക്കിന് മോട്ടോര്‍ വാഹനങ്ങളും കാര്‍ബണ്‍ മലിനീകരണവും ഇല്ലാതാവും.
ബംഗളൂരു, മൈസൂര്‍ നഗരങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് വയനാട്ടില്‍ ഉത്ഭവിക്കുന്ന കബനി നദിയാണ്. കാര്‍ബണ്‍ മലിനീകരണമില്ലാത്ത ജലലഭ്യത ഉറപ്പുവരുത്താന്‍കൂടി ഈ റയില്‍പാതകൊണ്ട് സാധിക്കും. വെറും 10.5 കി.മി ദൂരം മാത്രമാണ് ഈ പാത വനത്തിലൂടെ കടന്നുപോകുന്നത്. ഈ ഭാഗം ടണല്‍ വഴി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ആയതിനാല്‍ വന്യജീവി ആവാസവ്യവസ്ഥക്ക് യാതൊരു കോട്ടവും സംഭവിക്കില്ല.
എന്നാല്‍ വന്യമൃഗങ്ങള്‍ക്ക് കാടിന്റെ അതിര്‍ത്തി അറിയില്ലെന്നും കാടിന് പുറത്തു കടക്കുന്ന വന്യമൃഗങ്ങള്‍ക്ക് റയില്‍പാതകൊണ്ട് അപകടം സംഭവിച്ചേക്കാമെന്നും പരിസ്ഥതി പ്രതിനിധി യോഗത്തില്‍ പറഞ്ഞു. പാതയുടെ നിര്‍മാണം സംബന്ധിച്ച് പദ്ധതിരേഖ തയാറാക്കുമ്പോള്‍ ഈ പ്രശ്‌നത്തിനുകൂടി പരിഹാരം കാണാന്‍ ഡോ. ഇ ശ്രീധരനോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.
കര്‍ണ്ണാടകയിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എ.എസ് സതീഷ്, സെക്രട്ടറി എം.സി ബെന്‍സാലി, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, മോഹന്‍ ചന്ദ്രഗിരി, അഡ്വ. സാദിഖ് നീലിക്കണ്ടി, റൈമന്‍ ടി.ഒ, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, ശിവാജി റാവു, ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."