പ്രളയ ബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീ
ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് മതിയായ മാര്‍ഗ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയാണ് കുടുംബശ്രീയുടെ കമ്മ്യൂനിറ്റി കൗണ്‍സിലര്‍മാര്‍. പ്രളയത്തിലകപ്പെട്ടവരുടെ മാനസിക ആരോഗ്യം ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലേക്കായി കുടുംബശ്രീ കമ്മ്യൂനിറ്റി കൗണ്‍സിലര്‍മാര്‍ക്ക് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ നേതൃത്വത്തിലാണ് പരിശീലനം ലഭിച്ചിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ ദുരിതബാധിതരെ സഹായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാനസിക പിന്തുണ നല്‍കുമ്പോള്‍ പറയാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍, ദുരിത ബാധിതരെ അനുതാപത്തോടെ സമീപിക്കുന്നതിന്റെ ആവശ്യകത, സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ്, റിലാക്‌സേഷന്‍ എക്‌സര്‍സൈസുകള്‍ ചെയ്യേണ്ട രീതികള്‍ മുതലായ നിര്‍ദ്ദേശങ്ങളാണ് പരിശീലനത്തിലൂടെ നല്‍കി.
ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം കുടുംബശ്രീ കൗണ്‍സിലര്‍മാരാണ് നിംഹാന്‍സിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. കമ്മ്യൂനിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നിഷ, സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. വര്‍ഗ്ഗീസ് പുന്നൂസ്, സൈക്യാട്രിസ്റ്റ് ഡോ. സെബിന്‍, കമ്മ്യൂനിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. സൈറു ഫിലിപ്പ്, നിംഹാന്‍സില്‍ നിന്നുള്ള ഡോ.ഫെസ്ലി സിദ്ദിഖ്, കുടുംബശ്രീ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജര്‍ മോള്‍ജി ഖാലിദ് എന്നിവരായിരുന്നു ക്ലാസുകള്‍ നയിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലും കൗണ്‍സിലിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."