പ്രായം കുറഞ്ഞ പ്രതിനിധിക്ക് മേയര്‍ സ്ഥാനം; സി.പി.എമ്മിന്റേത് അടവുനയമെന്ന് വിമര്‍ശനം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് 21 വയസുകാരി ആര്യാ രാജേന്ദ്രനെ നിശ്ചയിച്ചതിലൂടെ വിപ്ലവകരമായ മുന്നേറ്റത്തിനാണ് ഇടതുമുന്നണി തുടക്കമിട്ടതെന്ന പ്രചാരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ സാഹചര്യം നോക്കി കളംമാറി കളിച്ച അടവുനയമാണ് ഇടതുമുന്നണി സ്വീകരിച്ചതെന്ന വിമര്‍ശനവും ഉയരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് വരെയും മേയര്‍ സ്ഥാനത്തേക്ക് യുവ പ്രതിനിധികളെ ആരെയും ഇടതുമുന്നണി പരിഗണിച്ചിരുന്നില്ല. കുന്നുകുഴി വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്ന എ.ജി ഒലീന, നെടുങ്കാട് വാര്‍ഡില്‍ മത്സരിച്ച എസ്. പുഷ്പലത എന്നിവരായിരുന്നു പ്രധാന പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ രണ്ടു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് പേരൂര്‍ക്കടയില്‍ നിന്നും വിജയിച്ച പി. ജമീലയുടെ പേര് ഉയര്‍ന്നുകേട്ടു. ഇവര്‍ക്ക് രാഷ്ട്രീയത്തില്‍ പരിചയമില്ലെന്ന വിലയിരുത്തലിനു ശേഷമാണ് യുവ പ്രതിനിധികള്‍ എന്ന രീതിയിലേക്ക് ചര്‍ച്ച വഴി മാറിയത്. എന്നാല്‍ കൃത്യമായ രാഷ്ട്രീയ പരിചയമുള്ള വള്ളക്കടവില്‍ നിന്ന് ജയിച്ച ഷാജിതാ നാസറിനെ ഇടതുമുന്നണി മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി നാലാംതവണയാണ് ഇവര്‍ വള്ളക്കടവില്‍ നിന്ന് വിജയിച്ചത്. എസ്.ഡി.പി.ഐ ഉയര്‍ത്തിയ കടുത്ത മത്സരത്തെയും അതിജീവിച്ചായിരുന്നു ഈ വാര്‍ഡില്‍ അവര്‍ വിജയിച്ചത്. പതിനഞ്ചു വര്‍ഷത്തോളം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിട്ടും പര്‍ദയും തട്ടവും വേഷമായതിനാലാണ് ഷാജിതാ നാസറിനെ ഇടതുമുന്നണി വെട്ടിയതെന്ന് സോഷ്യല്‍മീഡിയ പറയുന്നു. തിരുവനന്തപുരം മേയര്‍ ആക്കാന്‍ കഴിവുള്ള ഒരു സ്ത്രീ ഉണ്ട്. പക്ഷേ തലയില്‍ തട്ടമുള്ളതിനാല്‍ ശരിയാകില്ല എന്ന ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."