പേരേപ്പാറ ഡാം സര്‍ക്കാര്‍ ഏറ്റെടുക്കണം: കര്‍ഷക സംഘം ധര്‍ണ നടത്തി
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ സ്ഥിതി ചെയ്യുന്ന പേരേപ്പാറ ഡാം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തല്‍ വിരുപ്പാക്ക സെന്ററില്‍ സായാഹ്ന ധര്‍ണ നടത്തി.
കൃഷി ആവശ്യത്തിനും ജലസേചനത്തിനും പുറമെ കുടിവെള്ളവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ചെറുകിട ജലസേചന വകുപ്പാണ് പേരേപ്പാറ ഡാം നിര്‍മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായതോടെ സമീപവാസിയായ സ്വകാര്യ വ്യക്തി വ്യവഹാര നടപടികളുമായി കോടതിയില്‍ പോയതിനാല്‍ ഡാമിന്റെ കൈമാറ്റം തടസപ്പെട്ടു. ഏറെ നാളത്തെ വ്യവഹാര നടപടിക്കു ശേഷം ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയും പേരേപ്പാറ ഡാം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കളക്ടറുടെ ഭാഗത്തു നിന്നും ഡാം ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നടപടിയൊന്നും ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ഡാം ഏറ്റെടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എ.എസ് കുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ് സിദ്ധന്‍ അധ്യക്ഷനായി. ടി.വി സുനില്‍കുമാര്‍, എം.വി അരവിന്ദാക്ഷന്‍, കെ.പുഷ്പലത എന്നിവര്‍ സംസാരിച്ചു. പി.കെ ജയറാം സ്വാഗതവും, ഡേവിസ് പുത്തൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."